ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താം; പള്ളി തർക്കത്തിൽ യാക്കോബായ വിഭാത്തിന് കനത്ത തിരിച്ചടി നൽകി കോടതി വിധി

കായംകുളം: പള്ളിത്തർക്ക കേസിൽ യാക്കൊബായ വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി കോടതി ഉത്തരവ്. കായംകുളം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഇരുപള്ളികളിലും ആരാധന നടത്താൻ ഓർത്തഡോക്സിനു മാത്രം അനുമതി നൽകിയാണ് കോടതിയുടെ ഉത്തരവ്. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിന് ഇടപെടാമെന്നും ഉത്തരവിൽ പറയുന്നു. ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്താം. എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശമില്ല.

അതേസമയം ആരാധനാ സ്വാതന്ത്ര്യം ഇല്ലെങ്കിലും സെമിത്തേരിയില്‍ ഇരുവിഭാഗത്തിനും സംസ്കാരം നടത്താമെന്ന് ഉത്തരവിലുണ്ട്. ഇതിനിടെ പിറവം പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

നേരത്തെ സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം സ്വത്ത്വകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.