വീണ്ടും ടീച്ചറിന്റെ കുപ്പായമണിഞ്ഞ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വീണ്ടും അധ്യാപികയുടെ വേഷമണിഞ്ഞ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ടീച്ചര്‍ ക്ലാസ് എടുത്തത്. 2018 ഐഎഎസ് ബാച്ചിലെ ഓഫീസര്‍മാരുടെ ഫേസ് 2 ട്രയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവ് ആയിട്ടാണ് മന്ത്രിക ക്ലാസ് എടുക്കാന്‍ എത്തിയത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

ഐഎഎസ് നേടിയ ജോലിയില്‍ പ്രവേശിച്ച 180 ഓളം പേരാണ് ഓണ്‍ലൈനായി സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുത്തത്. പവര്‍ പോയിന്റ് പ്രസന്റേഷനോടെ ആയിരുന്നു മന്ത്രിയുടെ ക്ലാസ്. ‘കോവിഡ് പ്രതിരോധത്തിന്റെ സമൂഹ പങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ക്ലാസ്. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ക്ലാസില്‍ ടീച്ചര്‍ അവതരിപ്പിച്ചത്.

Loading...

ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്നും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിലും മൂന്നാംഘട്ടത്തില്‍ കോവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുകയാണ്. ഓരോ രോഗിക്കും ഉചിതമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കി അതുവഴി മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിയുന്നു. കര്‍ശനമായ നിരീക്ഷണത്തിലൂടെ ക്ലസ്റ്ററുകള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ക്ലസ്റ്ററുകളില്‍ മികച്ച പരിചരണം ഉറപ്പ് വരുത്താന്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നു. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം അധിക കിടക്കകളാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.