ആദ്യം മരിക്കുന്നയാളുടെ ഹൃദയം രണ്ടാമത്തെയാള്‍ക്ക്… ഹൃദയം നുറുങ്ങുന്ന സംഭവം ഇങ്ങനെ

അമേരിക്കയിലെ ഫിലാഡെല്‍ഫിയ സ്വദേശിയായ അലിന്‍ ഗ്രഗോസിയന്‍ ഡോക്ടറാകാനുള്ള പരിശീലനത്തിനിടയിലാണ് രോഗം പിടിമുറുക്കിയത്. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അലിന്റെ ഹൃദയമായിരുന്നു പണി മുടക്കിയത്.

യോജിച്ച ഹൃദയം ലഭിച്ചാല്‍ മാത്രം ജീവിതം തിരികെ കിട്ടുന്ന അവസ്ഥയിലേക്ക് അലിന്‍ എത്തപ്പെട്ടു. ഭാഗ്യം കൊണ്ട് അലിന് മറ്റൊരു യുവതിയുടെ ഹൃദയം ലഭിക്കുകയും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കുകയും ചെയ്തു.

സാധാരണ ജീവിതത്തിലേക്ക് എത്തുമ്പോഴാണ് അലിനെ തേടി ഹൃദയം നല്‍കിയ യുവതിയുടെ കുടുംബത്തിലെ കത്ത് എത്തുന്നത്. ” ആശുപത്രിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. എനിക്കു ഹൃദയം കൈമാറിയ വ്യക്തിയുടെ കുടുംബം ഒരു കത്തെഴുതിയിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്.

കത്ത് എനിക്ക് ഇമെയ്‌ലായി അയച്ചുതരാമെന്ന് നഴ്‌സ് പറഞ്ഞു. ഞാനത് അനുവദിച്ചില്ല. പകരം കത്ത് വരാന്‍ കാത്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് കത്ത് വന്നത്. എനിക്കു ഹൃദയം കൈമാറിയ യുവതിയെപ്പറ്റി വായിച്ചപ്പോള്‍ പലതവണ കണ്ണു നിറഞ്ഞു.” അലിന്‍ പറയുന്നു.

അലിന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോള്‍ മറ്റൊരു സ്ഥലത്ത് മറ്റൊരു ആശുപത്രിയില്‍ മറ്റൊരു യുവതി ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ രണ്ട് ആശുപത്രികളില്‍ മരണത്തെ കാത്തു കിടക്കുന്നു.

ആദ്യം മരിക്കുന്ന വ്യക്തിയുടെ ഹൃദയം ജീവിക്കാന്‍ കൊതിക്കുന്ന മറ്റേ വ്യക്തിയുടെ ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കും. അവയവ ദാനവുമായി ബന്ധപ്പെട്ട് ഒരോ രാജ്യത്തും വ്യത്യസ്തമായ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അവയവം ദാനം ചെയ്തവരെക്കുറിച്ചോ അവരുടെ വിവരങ്ങളോ അമേരിക്കയില്‍ പരസ്യപ്പെടുത്താറില്ല.

തനിക്ക് ഹൃദയം തന്ന വ്യക്തിയുടെ കുടുംബത്തിനും ഹൃദയം തന്ന് മരണത്തിലേക്കു പോയ വ്യക്തിക്കും നന്ദി പറഞ്ഞ് അലിന്‍ സമൂഹമാധ്യമത്തില്‍ എഴുതി : ” എനിക്കും നിനക്കും തമ്മില്‍ ഒട്ടേറെ കാര്യങ്ങളില്‍ സമാനതകളുണ്ട്. നമ്മുടെ രക്തഗ്രൂപ്പുകള്‍ മാത്രമല്ല ഒരേതരത്തിലുള്ളത്. ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഒക്കെ സമാനമാണ്. നേരിട്ടറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നേനേം.

അങ്ങനെ സംഭവിച്ചില്ല. പകരം തികച്ചും വ്യത്യസ്തമായ വഴികളിലൂടെ നാം ഒരുമിച്ചു. ഒരു ഹൃദയത്തിന്റെ കൈമാറ്റത്തിലൂടെ. നിന്റെ ജീവിതത്തിന്റെ അവസാനത്തെ ദിനമായിരുന്നു എന്റെ പുതിയ ജീവിതത്തിന്റെ ആദ്യത്തെ ദിവസം. നിന്റെ ജീവിതത്തിലെ ഏറ്റവും ചീത്ത ദിവസം എന്റെ പുനര്‍ജന്‍മത്തിനും തുടക്കമായി.” അവയവം ദാനം ചെയ്ത കുടുംബം താന്‍ എഴുതിയത് കാണണം എന്ന് അലിന്‍ ആഗ്രഹിച്ചു. തന്റെ നന്ദി അറിയണമെന്നും.