”മരണം കൂട്ടികൊണ്ടുപോയ ജീവിത സഖിയേ എങ്ങനെ യാത്രയാക്കും. നമ്മള് കരഞ്ഞു നിലവിളിക്കും, മാറത്തടിക്കും, കണ്ണുന്നീര് മൃതദേഹ മുഖത്ത് കുഴച്ചുതേച്ച് പിറകോട്ട് അബോധാവസ്ഥയില്‍ വീഴും. എന്നാല്‍ സ്നേഹ നിര്‍ഭരമായ യാത്രയയപ്പ് പ്രിയതമന് ഇങ്ങനെയും നല്‍കാമെന്ന് ഈ അനുഭവം പറയുന്നു. തന്റെ ജീവിതാനുഭവങ്ങളുടെ നേര്‍കാഴ്ച്ചയുമായി ദിവ്യാ ജോസ് എഴുതുന്നു”
നിങ്ങളെന്തിനാണ് ഈ കോഴ്സ് തന്നെ തിരഞ്ഞെടുക്കാന്‍ കാരണം…? ഓരോരുത്തരായി പറഞ്ഞോളൂ.. നേഴ്സിങ്ങിനു ചേര്‍ന്ന ആദ്യ ദിവസം സിന്ധു ദേവി മിസ്സിന്റെ ഒരു ചോദ്യം.. വല്യ ഹാളിലാണ് പരിപാടി.. എല്ലാവരുടെയും രക്ഷകര്‍ത്താക്കള്‍ ഉണ്ട്. മൂന്ന് പുരുഷ പ്രജകളുള്പെടെ ഞങ്ങള്‍ 24 പെണ്കുട്ട്യോള്.. എന്ത് പറയാന്‍? യൂണിഫോം ഇഷ്ട്ടായിട്ടാന്നു പറഞ്ഞു തല്ക്കാലം തടിതപ്പാം.. അല്ലാതെ കെമിസ്ട്രിക്കു കണക്ക് സബ് ആയിട്ട് ഉണ്ടെന്നും അത് എനിക്കൊരു ബാലികേറാമല ആയതുകൊണ്ട് അതീന്നു രക്ഷപെടാന്‍ വന്നതാന്നൊക്കെ ആദ്യമേ പറഞ്ഞു ഇമേജ് നഷ്ടപ്പെടുതണ്ടല്ലോ..? സത്യം പറഞ്ഞ അന്ന് എന്ത് ഉത്തരം ആണ് കൊടുത്തെന്നു പോലും ഒര്മയില്ലാ..
ആശുപത്രി എന്ന് കേള്‍ക്കുമ്പോള്‍ ഡെറ്റോളിന്റെ മണവും.. കുത്തിവപ്പുകളുടെ വേദനയും…മങ്ങിയ പച്ച നിറത്തില്‍ കിടക്കവിരിയും തലയിണക്കവറുകളുമൊക്കെയായ് ഒരുതരം മടുപ്പിക്കുന്ന ഓര്മ ആയിരുന്നു എന്റെ മനസ്സില്‍.. അവിടെ ജോലി എടുക്കുന്ന കാര്യം എന്റെ ഉപബോധ മനസ്സില്‍ പോലും ഉണ്ടായിരുന്നോ എന്ന് സംശയം ആര്‍ന്നു.. എന്നിട്ടെന്താ…ഇപ്പൊ ദാണ്ടേ ഇവിടെ എത്തി നില്ക്കുന്നു.. . ഒരിക്കലെങ്ങിലും ഒരു തെറ്റായ തീരുമാനം ആണെന്ന് തോന്നിക്കാതെ ഇവിടം വരെ. ഒത്തിരി മനുഷ്യരുടെ കണ്ണീരും ചിരിയും കൂടിക്കലര്‍ന്നു എന്റെ ജീവിതത്തില്‍ ഒത്തിരി ഉള്‍ക്കാഴ്ചകള്‍ നേടിത്തന്നു.. ഒരു പക്ഷെ ഇന്നു എന്നെ, ഞാന്‍ എന്ന ഒരു വ്യക്തിയായി മാറ്റുവാന്‍ കാരണമായതും ഈ ആശുപത്രിക്കിടക്കകളില്‍ നിന്ന് കിട്ടിയ ചിരിയുടെയും…. സൗഹൃദങ്ങളുടെയും..ജനനങ്ങളുടെയും..മരണങ്ങളുടെയും..അതിജീവനങ്ങള്‍ക്കായുള്ള പോരാട്ടങ്ങളുടെയുമൊക്കെ നേര്ക്കാഴ്ച്ചകളായിരിക്കാം..
ഈ കഴിഞ്ഞ ദിവസം പഴയ പുസ്തകങ്ങള്‍ ഒക്കെ തപ്പി പിടിച്ചു അടുക്കി വെക്കുന്നതിനിടയില്‍ കുറെ കാര്‍ഡുകള്‍.. ക്രിസ്തുമസ്സിന്റെയും പുതുവര്‍ഷത്തിന്റെയും..ജന്മദിനങ്ങളുടെയും ഒക്കെ ഓര്‍മ്മപ്പെടുത്തലുകള്‍.. ചില കാര്യങ്ങള്‍ അങ്ങനെ ആണ്.. കളയാന്‍ തോന്നില്ലാ.. അടുക്കി കൂട്ടി വെക്കും.. ഇടയ്ക്കിടെ നോക്കും.. പഴയ കാര്യങ്ങളെ..പഴയ കൂട്ടുകാരെ ഒരു മാത്രം ഓര്‍ത്ത് പോകും.. അതിനിടയില്‍ നിന്ന് ഒരു താങ്ക്സ് കാര്‍ഡ്.. …………& ഫാമിലി. രോഗികള്‍ ഡിസ്ചാര്‍ജ് ആയി പോകുമ്പോള്‍ തരുന്ന സ്വീറ്റ്സ്കളുടെ കൂട്ടത്തില്‍ ചിലപ്പോ ഒരു താങ്ക്സ് കാര്‍ഡും പതിവുണ്ടാകും..
എന്നാലും നമുക്ക് നമ്മുടെ പേരില്‍ ഒരു കാര്‍ഡ് വച്ചിട്ട് പോകുമ്പോള്‍ ഒരു സന്തോഷം.. അങ്ങനെ കിട്ടിയ ഒരു കാര്‍ഡ് ആണ്.. പക്ഷെ എന്റെ കുരുത്തം കേട്ട ഓര്‍മയിലൊന്നും ഈ പേര് തെളിഞ്ഞു വരുന്നില്ലാ.. എനിക്ക് പേരുകളും നമ്പരുകളൊക്കെ ഓര്‍ത്ത് വെക്കാന്‍ പറ്റാത്ത ഒരാളാണ്.. അതിലെ കുറിപ്പ് വായിച്ചു നോക്കി നിങ്ങള്‍ കാണിച്ച സ്നേഹത്തിനും കരുതലിനും….കൂടാതെ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച് ..എന്നെ ഒറ്റക്കാക്കി. അദ്ദേഹം ഈ ലോകം വിട്ടു പോയ ആ രാത്രി ചിലവഴിച്ച നിങ്ങളുടെ സമയത്തിനും നല്ല വാക്കുകള്‍ക്കും..നന്ദി.
ഇപ്പോള്‍ ഓര്മ വരുന്നു.. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്… ഇതെഴുതിയ സ്ത്രീയുടെ ചുക്കി ചുളിഞ്ഞ മുഖവും വിറയ്ക്കുന്ന കൈകളും..എന്റെ മനസിലേക്കോടി എത്തി.. 90 വയസെങ്കിലും ഉണ്ടായിരിക്കണം.. അവരുടെ ഭര്‍ത്താവാണ് മരണം കാത്ത് അന്ന് കിടന്നിരുന്നത്. ഒത്തിരി മക്കളും കൊച്ചുമക്കളും ഒക്കെ ഉള്ള ഒരു വലിയ കുടുംബം.. ചുമരു നിറച്ചും പതിപ്പിച്ചു വച്ചിട്ടുള്ള ഫോട്ടോകളില്‍ നിന്ന്..അവരുടെ ഭൂതകാലത്തിലെ നല്ല ഓര്‍മ്മകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്..
അവര്‍ ഒരു സുന്ദരി ആയിരുന്നു.. അയാളും.. ചെറുപ്പത്തിലെ ഫോട്ടോകള്‍ അത് വിളിച്ചു പറയുന്നുണ്ടാര്‍ന്നു.. ഇന്നത്തെപോലെ Dating കളും one Night Stand Out ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് സ്നേഹിച്ചു…തുടങ്ങിയവര്‍.. വിവാഹം കഴിച്ചു.. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു വീട് വച്ചു.. മക്കളെ പോറ്റി വളര്‍ത്തി…. സുഖങ്ങളിലും രോഗങ്ങളിലും.. കൈകോര്‍ത്ത് പിടിച്ചു ഇവിടം വരെ.. ഇപ്പോള്‍ ഇതുവരെ കൂടെയുണ്ടായിരുന്ന നല്ല പാതി ആണ് ഒരു ഇമ പോലും വെട്ടാതെ ചലനമറ്റു മരണം കാത്തു കിടക്കുന്നത്..
മൂന്നു നാല് ദിവസമായി എല്ലാവരും അയാളുടെ മരണവും കാത്ത് ഉണ്ട്.. മരണശേഷം നടത്തുന്ന ചടങ്ങുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.. പരസ്പരം വിശേഷങ്ങള്‍ പങ്കു വെക്കുന്നുണ്ട്.. അവരില്‍ പലരും ദൂരെ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും ഒക്കെ ആണ്. എല്ലാ ദിവസവും രാത്രി ഏറെ വൈകുമ്പോള്‍ അവര്‍ അമ്മയെ വീട്ടില്‍ കൊണ്ട് ചെന്നാക്കും.. പ്രായാധിക്യം ആ സ്ത്രീയേയും ഏറെ തളര്‍ത്തിയിട്ടുണ്ട്.. എന്നും പോകുന്നതിനു മുന്‍പ് അവരെ മക്കള്‍ ഭര്‍ത്താവിനൊപ്പം കുറച്ചു സമയം തനിച്ചിരിക്കാന്‍ വിടും… അയാളുടെ അനക്കമറ്റ കൈകളെ അവരുടെ ശുഷ്കിച്ച കരങ്ങള്‍ കൊണ്ട് തലോടിക്കൊണ്ടിരിക്കുന്ന അവരുടെ ഘനീഭവിച്ച മുഖം എന്റെ മനസിലേക്ക് വന്നു.. അവരെന്തായിരിക്കും മനസില്‍ വിചാരിക്കുന്നത്..? അവരുടെ തലോടലുകളെ അയാള്‍ക്ക് മനസിലാകുന്നുണ്ടോ…? 60 ഓ അതില്‍ കൂടുതലോ നീണ്ട ദാമ്പത്യത്തിന്റെ തിരശീല വീഴാന്‍ തുടങ്ങുന്ന ഈ വേളയില്‍..ഈ അബോധവസ്ഥയില്‍…അവരെന്താകും മിണ്ടാതെ മിണ്ടുന്നത്..??
എനിക്ക് ആകെ ഒരു വീര്‍പ്പുമുട്ടല്‍ വന്നു തികട്ടി..സങ്കടമാണോ..സഹതാപമാണോ..(സിംപതിയും എമ്പതിയും ഒരു പ്രശ്നം തന്നെ..) എല്ലാം കൂടി എന്റെ കണ്ണിലും കുറെ ഉപ്പുവെള്ളം ഉറഞ്ഞു കൂടി.. പിന്നീട് എനിക്ക് ആ മുറിയിലേക്ക് കയറി ചെല്ലാനാകാതെ ആയില്ലാ..ഞാന്‍ പതുക്കെ അവരുടെ അടുത്ത് ചെന്നു. പെട്ടെന്ന് വിറച്ചു വിറച്ചു അവരെ നീട്ടു എന്നെ കെട്ടിപ്പീച്ചു. എന്തെക്കെയോ അവര്‍ക്ക് പറയണമെന്നുണ്ടായിരിക്കണം…
പക്ഷെ ഒന്നും ചോദിയ്ക്കാന്‍..എന്തിന് വായ് തുറന്നു ഒന്നാശ്വോസിപ്പിക്കാന് പോലും പറ്റുന്നില്ല.. കുറച്ചു നേരം കഴിഞ്ഞു അവര്‍ സംസാരിച്ചു… ഒരു പക്ഷെ അവരുടെ മക്കളോട് പറയാന്‍ പറ്റാത്ത അത്ര വികാരത്തോടെ..അവരുടെ രണ്ടാളുടെയും ജീവിതങ്ങളെ കുറിച്ച്.. അഞ്ചോ ആറോ മിനിറ്റ്.. അവസാനം പറഞ്ഞു.. I Cant See Him Suffering.. അവന്റെ ഈ സഹനം കാണാന്‍ വയ്യാ.. അവന് ഒരു നല്ലവനായിരുന്നു.. അവന്റെ കൂടെയുള്ള സായാഹ്ന സവാരികളും.. കൊച്ചു വര്‍ത്തമാനങ്ങളും..കുഞ്ഞു പരിഭവങ്ങലും.. അവന് തരുന്ന Surprise Gift കളും ജന്മനദിനങ്ങളിലെ ആഘോഷങ്ങളും അങ്ങനെ..അങ്ങനെ എല്ലാം ഞാന്‍ മിസ്സ് ചെയ്യും. അതായിരുന്നു ആ സംഭാഷണത്തിന്റെ ചുരുക്കം.. ‘എല്ലാം ശരിയാകും ‘ എന്ന് മാത്രം പറയാനെ എനിക്ക് എല്ലാം ശരിയാകും ‘ എന്ന് മാത്രം പറയാനെ എനിക്കായുള്ളൂ.
‘ഇന്ന് രാത്രി കൂടി കഴിഞ്ഞാല്‍ അവന് എനിക്ക് ഒരു ഓര്‍മയാകും.. എനിക്കതറിയാം ‘ എന്ന് പറഞ്ഞു കൊണ്ട് മക്കളുടെ കൂടെ വീല്‍ ചെയറില്‍ പുറത്തോട്ടു പോകുന്ന അവരെ ഒരു മാത്ര നോക്കി നിന്നു പോയി.. പിന്നെ ജോലിയുടെ തിരക്കുകളിലേക്ക് വീണ്ടും… പുലര്‍ച്ചെ എപ്പോഴോ അവരുടെ ഭര്‍ത്താവു മരിച്ചു.. അവരെ കൂട്ടികൊണ്ട് വരാന്‍ മക്കള്‍ പോയിരിക്കുന്നു.. ചില ആളുകള്‍ അങ്ങനെ ആണ്..അവരുടെ പ്രിയപെട്ടവര്‍ അടുത്ത് നില്ക്കുമ്പോള് ഈ ലോകം വിട്ടു പോകാതെ തങ്ങി നില്ക്കും… പല രോഗികളുടെ കാര്യത്തിലും സത്യമായി കണ്ടിട്ടുണ്ട്.. തോന്നലായിരിക്കാം, എങ്കിലും ആ തോന്നലില്‍ ഒരു സത്യമുണ്ടെന്ന് തോന്നീട്ടുണ്ട്..
അവരുടെ വരവ് നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്ത് കാണാറായി. വീല്‍ ചെയറില്‍ കൂഞ്ഞിക്കൂടി ഒരു രൂപം. വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അവരെ ആശ്വസിപ്പിച്ചു.. അവരെ കെട്ടിപ്പിടിച്ചു കൊണ്ട്..അവരെ മുറിയിലേക്ക് നടത്തി.. മക്കള്‍ പുറത്തു നില്ക്കുന്നു.. ആ സ്ത്രീ തണുത്തു മരവിച്ചു തുടങ്ങിയ അയാളുടെ കൈകളിലേക്ക് അവസാനത്തെ ഒരു ചൂടിന്റെ കണികക്കായ് തിരയുന്നത് പോലെ തോന്നി…. And She Kissed Him.. ‘Thanks Very Much For Everything..’ ഇത്രയും പറഞ്ഞു പുറത്തേക്കു.. പതിയെ നടന്നു.
ഒരു ഇച്ചിരി നേരം അവര്‍ ഇവിടെ ഇരിക്കാത്തത് എന്തെ? ഒരു തുള്ളി കണ്ണീര് പോലും പൊഴിക്കാതെ..? ഞാന്‍ സംശയിച്ചു നിന്നപ്പോഴെക്കും അവര്‍ പതിയെ പുറത്തേക്കു പൊയ്ക്കഴിഞ്ഞിരുന്നു.. ഒരു നീണ്ട ചോദ്യമായി അത് മനസ്സില്‍ നിന്നെങ്കിലും പിന്നീടു അവര്‍ ചെയ്തതിലെ ശരി തെളിഞ്ഞു വന്നു.. ഒരു പക്ഷെ അയാളുടെ തണുത്ത കരങ്ങളേക്കാള്‍ അവര്‍ക്ക് വേണ്ടത് അവരുടെ ഊഷ്മളമായ ബന്ധത്തിന്റെ ഒര്മകളായിരുന്നിരിക്കാം. അല്ലെങ്കില്‍ തനിച്ചു ഇരിക്കാന്‍..കുറച്ചൂ പൊട്ടിക്കരയാന്‍.. ജീവിതത്തിന്റെ ഇടനാഴികളില്‍ ഒറ്റക്കായ് പോയ അവരെ ഓര്‍ത്ത് ഒരു ചെറിയ വിങ്ങല്‍ തൊണ്ടയില്‍ വന്നു കുരുങ്ങി..സായാഹ്ന സവാരികളില്‍ ഒറ്റക്കായ് പോകുന്ന.. ജന്മദിനങ്ങളില് surprise കള്‍ക്കായ് വെറുതെ കാത്തിരിക്കുന്ന..അവരുടെ മുഖം മനസ്സില്‍ തെളിഞ്ഞു.
ഒരു ഉറക്കത്തില്‍ നിന്ന് എന്ന പോലെ അയാള്‍ എണീറ്റ് അവരുടെ കൈ പിടിച്ച് ഡിസംബറിന്റെ തണുപ്പുള്ള ..രാത്രിയിലേക്ക് ഇറങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു..വെറുതെ..
ഇന്ന് ഈ കാര്‍ഡ് വായിച്ചപ്പോള്‍ അന്ന് സിന്ധു ദേവി മിസ്സ് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് എന്റെ കൈയില്‍ ഇരിക്കുന്നതെന്ന് തോന്നിപ്പോയി.. ഒരു നെടുവീര്‍പ്പ് കൊണ്ട് ഭാരമുള്ള ചിന്തകള്‍ക്ക് തല്കാലം വിട പറഞ്ഞു കൊണ്ട് ഞാനും എന്റെ തിരക്കുകളിലേക്ക് കൂപ്പും കുത്തി വീണു.