ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർ‌ട്ട്; സംസ്ഥാനത്ത് ഇന്നും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എവിടെയും കനത്ത മഴ പെയ്യും എന്ന് റിപ്പോർട്ടില്ലെങ്കിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ കേരളത്തിൽ തുലാവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്റെ കിഴക്കൻ മേഖല. രാത്രിയിൽ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു. പുലർച്ചയോടെ അതും നിലച്ചു. ഇന്നലെ വൈകിട്ട് അര മണിക്കൂറോളം സമയമുണ്ടായിരുന്ന കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മുണ്ടക്കയം വണ്ടംപതാലിൽ ആൾപ്പാർപ്പില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. എരുമേലിയിൽ ചെമ്പകപ്പാറ എസ്റ്റേറ്റിലെ തടയണതകർന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും കൈവഴി തോടുകൾ നിറഞ്ഞു കവിയും ചെയ്തതോടെ തീരത്തുള്ള വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവിൽ കോട്ടയം ജില്ലയിൽ 36 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. 1110 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്.

Loading...