സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിലാണ് രണ്ട് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും.അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി വടക്കൻ തമിഴ്നാട് തീരത്ത് കൂടി കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കനത്ത മഴയിൽ ചെന്നൈയിൽ ദുരിതം തുടരുകയാണ്. ഇതിനകം ആറ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകി.ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിട്ടതോടെ ചെന്നൈ നഗരത്തിലെ താഴ്ന്ന മേഖലകളിൽ ദുരിതം ഇരട്ടിയായി. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 250 ലധികം വീടുകൾ കനത്ത മഴയിലും മരം വീണും തകർന്നു. ചെന്നൈയിൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലാണ്.സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്. വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ ആളുകൾ വീട്ടിലേക്ക് മടങ്ങി തുടങ്ങിയതാണ് ആശ്വാസം.

Loading...