ദുരന്തം വിതച്ച് കാലവര്‍ഷം, നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി, 17 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു

Loading...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വ്യാഴാഴ്ച വരെ മഴ ഇങ്ങനെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. കഴിഞ്ഞദിവസം നീണ്ടകരയില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടി സ്വദേശി സഹായരാജ് (30) ആണു മരിച്ചത്. മറ്റു രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.

ഇതിനോടകം സംസ്ഥാനത്തൊട്ടാകെ 17 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോള്‍ ക്യാമ്ബുകളില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്താകെ രണ്ടു വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

ശക്തമായ കടല്‍ക്ഷോഭവും തുടരും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും, 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.