സംസ്ഥാനത്ത് മഹാമാരിക്കിടെ ദുരിതം വിതയ്ക്കാന്‍ പേമാരിയും, തിങ്കളാഴ്ച മുതല്‍ അതിശക്തമായ മഴ

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ദിനംപ്രതി ആയിരത്തിലധികം കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം. എഴുപത് ശതമാനത്തോളവും ഉറവിടം അറിയാത്ത കേസുകള്‍. ഈ സാഹചര്യം എങ്ങനെ തരണം ചെയ്യും എന്നാണ് കേരളം കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പേമാരിക്ക് പുറമെ കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെനന്നുള്ള മുന്നറിയിപ്പ് കൂടി ഉണ്ടാകുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നമ്മള്‍ പ്രളയത്തെ നേരിട്ടവരാണ്. മരണം മുഖാമുഖം കണ്ടവരാണ്. അതുകൊണ്ട് തന്നെ മഴ കനക്കുമെന്ന് പറയുമ്പോള്‍ തന്നെ ഉള്ളിലെല്ലാവര്‍ക്കും തന്നെ ഒരാധിയാണ്. ഇത്തവണയും പ്രളയം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ കിട്ടും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

അതിന് ശേഷം അതിശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 2018, 2019 വര്‍ഷങ്ങളില്‍ ഓഗസ്റ്റിലാണ് കേരളത്തില്‍ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്.നിലവില്‍ കേരളത്തില്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 3000 ദുരിതാശ്വാസക്യാമ്പുകള്‍ നിലവില്‍ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്പുകളില്‍ പാര്‍പ്പിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.