സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് തുടരുന്നത്. കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്ര മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. ചക്രവാതചുഴിക്ക് പുറമേ വടക്കൻ കേരളം മുതൽ വിദർഭവരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ രണ്ടിന്റെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടി മിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. നാളെ തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും ഈ ദിവസങ്ങളിൽ സാധ്യത ഉണ്ട്.ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭവരെ നിലനില്കുന്ന ന്യുനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയ്ക്ക് ശക്തി കൂട്ടും. യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

Loading...