സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തുടർച്ചയായി അഞ്ചാം ദിനവും വ്യാപകമായ മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. അങ്ങോളമിങ്ങോളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ ആറാട്ടുപുഴയിൽ കടൽക്ഷോഭമുണ്ടായി. കോഴിക്കോട് പയ്യാനക്കലിൽ നൂറോളം വീടുകളിൽ വെള്ളംകയറി. വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് ഇന്ന് മഴക്കെടുതി ഏറ്റവും രൂക്ഷം. വെള്ളക്കെട്ട് പലയിടത്തും ജനങ്ങളെ ദുരിതത്തിലാക്കി. നിരവധി വീടുകളിൽ വെള്ളം കയറി. 207 മില്ലീമീറ്റർ മഴ പെയ്ത കണ്ണൂർ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടിയത്.

ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടൽ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം ദുഷ്കരമായി. പെരുമ്പാടി, തറയിൽകടവ് പ്രദേശങ്ങളിലും വെള്ളം കയറി. വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ ബോട്ടിൻറെ എഞ്ചിൻ തകരാർ കാരണം കടലിൽ കുടുങ്ങി. ഇവരെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിൽ പരക്കെ മഴയുണ്ടായിരുന്നു, എന്നാൽ കാര്യമായ ശക്തി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല സ്‌ഥലത്തും നേരിയ മഴ തുടരുന്നു, നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിയിൽ വിവിധ ഇടങ്ങളിൽ ഇടവിട്ട് മഴ പെയ്തു. ഉച്ചയ്ക്ക് ശേഷം മൂടി കെട്ടിയ അന്തരീക്ഷമാണ്. എവിടെയും കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഇല്ല.

Loading...