തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കാട്ടാക്കട കുറ്റിച്ചല്‍ ഭാഗത്തും നെടുമങ്ങാടും വെള്ളം കയറി. അടുത്ത മൂന്ന് മണിക്കൂറിനിട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

മഴയ്ക്ക് പുറമെ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Loading...

കനത്ത മഴയില്‍ ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. കിള്ളിയാര്‍ കരകവിഞ്ഞൊഴുകി. ആലപ്പുഴ തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കാന്‍ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാറ്റാടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.