വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം ശക്തമായ മഴയ്ക്ക് കാരണം. ഇതിന്റെ ഭാഗമായി നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റന്നാളും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദം 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Loading...

തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ (24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ) ശക്തമായതോ (24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്.