മുന്‍ പ്രളയസമാന സാഹചര്യം, എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കിവെയ്ക്കാന്‍ നിര്‍ദേശം, പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: മുന്‍ പ്രളയത്തിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്നെന്നും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ഭൂമിയില്‍ വിള്ളല്‍ കാണപ്പെട്ട പ്രദേശങ്ങള്‍, പ്രളയത്തില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും അടച്ചുറപ്പില്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ അധികൃതര്‍ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും പ്രധാനരേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയ്യാറാക്കിവെയ്ക്കാനും നിര്‍ദേശമുണ്ട്.

Loading...

മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്. ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.