നാവികസേനയുടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; ഏറ്റുമാനൂരിൽ ക്യാൻസർ രോ​ഗിയുടെ വർക്ക് ഷോപ്പ് തകർന്നു

കോട്ടയം: ഏറ്റുമാനൂരിൽ നാവിക സേനയുടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിനെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി. വള്ളിക്കാട് കുരിശുമല ഭാഗത്ത് ആണ് സംഭവം നടന്നത്. ഹെലികോപ്ടർ താഴ്ന്ന് പറന്നത് പ്രദേശവാസികളെ മുഴുവൻ ആശങ്കയിലാഴ്ത്തി. ഹെലികോപ്റ്ററുടെ കാറ്റേറ്റ് പെയിൻറിംഗ് വർക്ക് ഷോപ്പ് നശിക്കുകയും ചെയ്തു. ക്യാൻസർ രോഗിയുടെ ഏക വരുമാന മാർഗമായിരുന്നു വർക്ക് ഷോപ്പ് ആണ് ശക്തമായ കാറ്റിൽ നശിച്ചത്. താഴ്ന്ന് പറന്നത് നാവികസേനയുടെ ഹെലികോപ്ടർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൻറെ പശ്ചാത്തലത്തിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് വലിയ ആശങ്കയാണ്പ്രദേശത്തുണ്ടാക്കിയത്.

ഒരുപക്ഷേ ഹെലികോപ്റ്റർ തകർന്ന് വീഴുകയാണോ എന്ന് പോലും നാട്ടുകാർ സംശയിച്ചു. കുരിശുമല സ്വദേശി കുഞ്ഞുമോൻ എന്നയാളുടെ പെയിൻറിംഗ് വർക്ക് ഷോപ്പ് കാറ്റേറ്റ് പൂർണമായും നശിച്ചു. ഹെലികോപ്റ്റർ അഞ്ച് മിനിറ്റോളം തൻറെ വീടിന് മുകളിൽ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് കുഞ്ഞുമോനും കുടുംബവും പറയുന്നത്.നാവികസേനയുടെ സിഎ ചാർലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്നാണ് ജില്ലാ ഭരണകൂടത്തോട് നാവികസേന നൽകിയ വിശദീകരണം. എന്തിനാണ് ഇത്രയും താഴ്ന്ന് പറന്നതെന്ന കാര്യത്തിൽ ഇത് വരെ വിശദീകരണമില്ല. എന്തുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നുവെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും ഇതിനായി വീട്ടുകാരോട് പരാതി നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ വ്യക്തമാക്കി.

Loading...