പിൻസീറ്റുകാർക്ക് നാളെ മുതൽ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമ്ബോഴും കാര്യമായ ചലനങ്ങളില്ലാതെ ഹെല്‍മെറ്റ്‌ വിപണി. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെങ്കിലും പല കടകളിലും ഹെല്‍മെറ്റിന്റെ ആവശ്യക്കാര്‍ കുറയുന്നതായി ഉടമകള്‍.

വിധി മുന്‍നിര്‍ത്തി ഹെല്‍മെറ്റുകള്‍ അധികമായി കടകളില്‍ എത്തിച്ച വ്യാപാരികളും ആശങ്കയിലാണ്. പൊലീസോ മോട്ടോര്‍വാഹന വകുപ്പോ നിയമം കര്‍ശനമായി നടപ്പാക്കില്ലെന്ന പ്രതീക്ഷയാകാം വിപണിയിലെ ഈ തളര്‍ച്ചയ്‌ക്കു പിന്നിലെന്നും ഇവര്‍ കരുതുന്നു. അതേസമയം, ഞായറാഴ്ച മുതല്‍ കര്‍ശന പരിശോധന ആരംഭിച്ചാല്‍ വിപണിയില്‍ വലിയ മാറ്റം വരുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്‌ക്കുന്നു.
‘സാധാരണ വില്‍പ്പനയ്‌ക്കപ്പുറം ഒരു മാറ്റവും കടയിലില്ല. വാര്‍ത്തകള്‍ കാണുമ്ബോള്‍ ആളുകള്‍ ഹെല്‍മെറ്റ്‌ വാങ്ങാന്‍ വരുമെന്നാണ്‌ കരുതിയത്‌. എന്നാല്‍, മുമ്ബുള്ളതിനേക്കാള്‍ കുറവാണ്‌ ഇപ്പോഴത്തെ ആവശ്യക്കാര്‍’- എന്നാണ്‌ കലൂരിലെ ഓട്ടോ ക്യൂന്‍ കടയുടമ സാബുവിന്റെ പക്ഷം.

Loading...

എന്നാല്‍, കുട്ടികളുടെ ഹെല്‍മെറ്റിന്‌ ആവശ്യക്കാര്‍ കൂടുന്നുണ്ട്‌. പുതിയ ഉത്തരവുപ്രകാരം നാലു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഹെല്‍മെറ്റിന്റെ വിലയുടെ കാര്യത്തിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ ബ്രാന്‍ഡഡ്‌ ഹെല്‍മെറ്റുകള്‍ക്ക്‌ 1400 രൂപമുതലാണ്‌ വില. അല്‍പ്പം വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്ക് 700 രൂപമുതലും ലഭ്യമാണ്. 950 മുതലാണ് കുട്ടികളുടെ ബ്രാന്‍ഡഡ്‌ ഹെല്‍മെറ്റിന്റെ വില. വേഗ, സ്റ്റഡ്‌ എന്നീ ബ്രാന്‍ഡുകള്‍ക്കാണ്‌ ആവശ്യക്കാരുള്ളത്‌.

ശനിയാഴ്ച മുതല്‍ ജില്ലയില്‍ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കുമെന്ന്‌ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ മനോജ്‌കുമാര്‍ പറഞ്ഞു. രാവിലെ എട്ടുമുതല്‍ 12 മണിക്കൂര്‍ വിവിധ സ്ഥലങ്ങളില്‍ ഹെല്‍മെറ്റിനുവേണ്ടി മാത്രമാണ്‌ പരിശോധന. നിയമം ലംഘിക്കുന്നവര്‍ക്ക്‌ ആദ്യഘട്ടത്തില്‍ 500 രൂപ പിഴ ചുമത്തും. അതേ വാഹനത്തില്‍ അതേ വ്യക്തി വീണ്ടും നിയമം ലംഘിക്കുന്നത്‌ കണ്ടെത്തിയാല്‍ ലൈസന്‍സ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.