രോഗിയായ മകനെ ചികിത്സിക്കാന്‍ നിര്‍ദ്ധന കുടുംബം സാമ്പത്തിക സഹായം തേടുന്നു

അപസ്‌മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലാതെ അസുഖ ബാധിതനായ പിതാവ്‌ , കുടുംബം പുലര്‍ത്തുന്നത്‌ ഭാര്യ വീട്ടുജോലിക്കുപോയി

വേങ്ങര: അപസ്‌മാരരോഗം ബാധിച്ച്‌ എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത മകനെ ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണു അസുഖ ബാധിതനായ പിതാവും വീട്ടുജോലിക്കുപോകുന്ന ഭാര്യയും. ഇവരുടെ ആറുവയസ്സുകാരനായ ഏകമകനെ ചികിത്സിക്കാനാകാതെയാണു നിര്‍ധന ദമ്പതികള്‍ ജീവിതം തള്ളിനീക്കുന്നത്‌.

Loading...

വേങ്ങര ചേറ്റിപ്പുറംമാട്ടില്‍ മരയ്‌ക്കാര്‍ ഹാജിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരപ്പനങ്ങാടി സ്വദേശി നാലകത്ത്‌ അബ്‌ദുള്‍റിയാസ്‌(30), കക്കാട്‌ ചക്കുങ്ങല്‍ റാബിയ(28)ദമ്പതിമാരാണു സാമ്പത്തിക പ്രയാസം കാരണം മകന്‍ ജിയാദിന്‌ ചികിത്സ നല്‍കാനാകാതെ വേദനിക്കുന്നത്‌. ഗള്‍ഫിലായിരുന്ന റിയാസ്‌ ഗ്യാസ്‌ സിലിണ്ടര്‍പൊട്ടിത്തെറിച്ചു ശരീരത്തില്‍ മാരകമായ പൊള്ളലേറ്റു. തുടര്‍ന്നു നാട്ടില്‍തിരിച്ചെത്തിയ റിയാസും ഭാര്യയും വാടക വീട്ടിലാണു കഴിയുന്നത്‌. ശരീരത്തില്‍ പൊള്ളല്‍ഗുരുതരമായതിനാല്‍ വലിയജോലിക്കൊന്നും റിയാസിനുപോകാന്‍ കഴിയില്ല. ഇതിനാല്‍തന്നെ ഭാര്യ റാബിയ അയല്‍പക്കങ്ങളിലെ വീടുകളില്‍ വീട്ടുജോലിക്കുപോയാണു കുടുംബം പുലര്‍ത്തുന്നത്‌. സ്വന്തമായി റേഷന്‍കാര്‍ഡ്‌ പോലും ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന്‌ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്‌ഥയാണ്‌. കടം വാങ്ങിയ തുക തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട്‌ നിരന്തരം എത്തുന്ന ആളുകളുടെ ശല്യപ്പെടുത്തലുകളും പഴി പറയലും ഈ കുടുംബത്തെ ബുദ്ധിമുട്ടിലാക്കുന്നു. ഒരേ കിടപ്പില്‍ കിടന്ന്‌ ഉരുളുകയും മുഖത്തടിച്ച്‌ പ്രത്യേക ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്ുയന്ന മകനെ നോക്കി എന്തു ചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുകയാണ്‌ ഈ ദമ്പതികള്‍.

പരപ്പനങ്ങാടിയിലെ കുടുംബവീട്ടില്‍ 2008മാര്‍ച്ച്‌ മാസത്തിലാണ്‌ ഇരുവരും വിവാഹിതരായത്‌. റാബിയ ഗര്‍ഭിണിയായിരിക്കെ 2008അവസാനത്തില്‍ ജോലി തേടി റിയാസ്‌ ഗള്‍ഫിലേക്കു പോയി. ഇവരുടെ കുഞ്ഞു പിറന്നതിന്‌ മൂന്നാം നാള്‍ നിറുത്താതെ കരയുകയും തുടര്‍ന്ന്‌ കുഞ്ഞിന്റെ ശരീരത്തിന്‌ ബലക്ഷയം സംഭവിക്കുകയുമായിരുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിര്‍ദേശ പ്രകാരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിന്‌ തുടര്‍ ചികിത്സ നല്‍കി വരുന്നു. മരുന്നുകള്‍ക്കും മറ്റു പരിശോധനകള്‍ക്കും വലിയ തുകയാണു ചെലവു വരുന്നത്‌. ചികിത്സകൊണ്ട്‌ മകന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ദമ്പതികള്‍. ഗള്‍ഫില്‍ ജോലി ചെയ്‌തു കിട്ടുന്ന വരുമാനം മുഴുവനും മകന്റെ ചികിത്സയ്‌ക്കായി അബ്‌ദുള്‍ റിയാസ്‌ ചെലവഴിക്കുകയായിരുന്നു. മകന്റെ രോഗത്താലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും ദുഖിച്ചു കഴിയുന്ന റിയാസിനെ തേടി മറ്റൊരു ദുരന്തം കൂടിവന്നത്‌. 2014മാര്‍ച്ചില്‍ റിയാദിലെ ജോലിസ്‌ഥലത്ത്‌ വെച്ച്‌ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ റിയാസിന്‌ മാരകമായി പൊള്ളലേറ്റത്‌ റിയാസിനെ കൂടുതല്‍ വേദനിപ്പിച്ചു. പതിനേഴു ദിവസം റിയാദിലെ ആശുപത്രിയിലും തുടര്‍ന്ന്‌ നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ നാട്ടിലെത്തി ഏഴുമാസത്തെ ചികിത്സയ്‌ക്കു ശേഷമാണ്‌ ആരോഗ്യം ഭാഗികമായെങ്കിലും വീണ്ടു കിട്ടിയത്‌. കുടുംബവീട്ടിലെ ദാരിദ്ര്യവും അംഗങ്ങളുടെ എണ്ണക്കുടുതലും കാരണം നാട്ടുകാരുടെ സഹായത്തോടെ വേങ്ങര ചേറ്റിപ്പുറംമാട്ടിലെ വാടക വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു. പലരോടും കടം വാങ്ങിയ പണവും ജോലി ചെയ്‌തു കിട്ടിയ ശമ്പളം മുഴുവനും ഏക മകന്റെ ചികിത്സയ്‌ക്കായി ചെലവഴിക്കുകയായിരുന്നു ഈ യുവാവ്‌. കുട്ടിയുടെ ചികിത്സയ്‌ക്കായി പണം കണ്ടെത്താന്‍ പാടുപെട്ടിരുന്ന റിയാസിന്‌ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റതിനെ തുടര്‍ന്ന്‌ സ്വന്തം ചികിത്സയ്‌ക്കും പണം കണ്ടെത്തേണ്ടി വന്നു. ശരീരം മുഴുവനും പൊള്ളലേറ്റതിനാല്‍ റിയാസിന്‌ വെയിലേല്‍ക്കുവാനോ കഠിനമായ ജോലി ചെയ്യാനോ സാധ്യമല്ല. ഭാര്യ റാബിയയ്‌ക്ക് അടുത്ത വീടുകളില്‍ വീട്ടു ജോലി ചെയ്‌ത് ലഭിക്കുന്ന ചെറിയ വരുമാനം മാത്രമാണ്‌ ഈ കുടുംബത്തിന്റെ ഏക ആശ്രയം.
ഭക്ഷണത്തിനും മകന്റെയും സ്വന്തം ചികിത്സയ്‌ക്കും വാടകയ്‌ക്കും പണം കണ്ടെത്തുന്നതിന്‌ ആശ്രയമാകുമായിരുന്ന സ്വന്തം ശരീരവും പൊള്ളലേറ്റ്‌തിനാല്‍ റിയാസ്‌ മാനസികമായി തകര്‍ന്നു.

ഉദാരമതികളുടെ സഹായത്തോടെ മകന്റെ ആരോഗ്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ ഈ ദമ്പതികള്‍.

സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ വിലാസത്തില്‍ പണമയയ്ക്കുക:

അബ്‌ദുള്‍ റിയാസ്‌,
നാലകത്ത്‌ വീട്‌,
എം.ഐ മദ്രസാ അങ്ങാടി,
ചെട്ടിപ്പടി. പി.ഒ,
പരപ്പനങ്ങാടി,
മലപ്പുറം
കേരള, ഇന്‍ഡ്യ
ഫോണ്‍: 8113 9245 22
പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ്‌ ബാങ്കിലെ ചെട്ടിപ്പടി ശാഖയില്‍ എസ്‌.ബി.എ.സി 4673 നമ്പറില്‍ അക്കൗണ്ടുമുണ്ട്‌.

കടപ്പാട്: കെ.ഗംഗാധരന്‍, മംഗളം