ബെഹ്‌റയേക്കാള്‍ അധികാരത്തോടെ ഹേമചന്ദ്രന്‍ ശബരിമലയിലേക്ക്; കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പോലീസ്

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദര്‍ശിക്കാന്‍ ഇരിക്കെ നിയന്ത്രണമെല്ലാം പൊലീസ് പിന്‍വലിക്കുന്നു. നാളെ സന്നിധാനത്ത് ഉണ്ടാകുമെന്നു സമിതിയുടെ യോഗത്തില്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍ അറിയിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സൗകര്യം നിലക്കലിലും പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് വിലയിരുത്തുന്നതിനായാണ് സംഘത്തിന്റെ സന്ദര്‍ശനം.

ഹൈക്കോടതി നിരീക്ഷണ സമിതിയിലെ അംഗങ്ങളായ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍, ജസ്റ്റീസ് രാമന്‍ എന്നിവര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണര്‍ എന്‍. വാസു എന്നിവര്‍ പങ്കെടുത്തു. സംഘത്തിലെ ഒരു അംഗം മുതിര്‍ന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രനാണ്. ഇതോടെ ലോക്നാഥ് ബെഹ്റയ്ക്കും മുകളില്‍ അധികാരമുള്ള പൊലീസ് ഉദ്യോഗസ്ഥനായി ശബരിമലയില്‍ അദ്ദേഹം മാറി. പൊലീസുകാര്‍ക്കും ഹേമചന്ദ്രനെ മാത്രമേ ഇനി അനുസരിക്കാനും കഴിയൂ.

Loading...

നിരീക്ഷണ സമിതിക്ക് എല്ലാ അധികാരവും ഹൈക്കോടതി നല്‍കിയതാണ് ഇതിന് കാരണം. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഭക്തര്‍ക്ക് ഇപ്പോള്‍ യാതൊരു നിയന്ത്രണങ്ങളും പോലീസ് ഏര്‍പ്പെടുത്തുന്നില്ല. ഇതോടെ സന്നിധാനത്തെ നാമജപത്തിനും തടസമില്ലാതെയായി. ഹൈക്കോടതിയുടെ നിരീക്ഷണ സംഘത്തിന്റെ സന്ദര്‍ശന സമയത്തു ഭക്തര്‍ എന്തെങ്കിലും പരാതിയുന്നയിച്ചാല്‍ അത് തിരിച്ചടിയാവുമെന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണ നീക്കം.