ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്നുച്ചയ്ക്ക് 1 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. റാഞ്ചി മൊറാബാദ് മൈതാനിയിലായിരിക്കും ചടങ്ങുകള്‍ നടക്കുക.ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, എന്‍സിപി ചീഫ് ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോഗ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍, സിപിഐ നേതാവ് കന്‍ഹയ്യ കുമാര്‍തുടങ്ങിയവര്‍ പങ്കെടുക്കും.മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക.

Loading...

ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും. ഇതില്‍ ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സ് കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും. ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള്‍ നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. 2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകളാണ് കിട്ടിയത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കമുള്ള പ്രമുഖരായ നിരവധി ബിജെപി നേതാക്കള്‍ ഇത്തവണ ജാര്‍ഖണ്ഡില്‍ തോറ്റിരുന്നു. ഹേമന്ത് സോറനൊടൊപ്പം കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ രമേശ്വര്‍ ഒറാവോണ്‍, മുതിര്‍ന്ന ജെഎംഎം നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സ്റ്റീഫന്‍ മറാണ്ടി എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.