പൂന്തുറയിലെ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ്, മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയന്‍മെന്റ് സോണില്‍

തിരുവനന്തപുരം : കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ സാഹചര്യമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ഉറവിടമറിയാത്ത കേസുകള്‍ കൂടി ഉണ്ടായ സാഹചര്യത്തില്‍ക്കൂടിയാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നലെ മാത്രം 64 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 60 കേസും സമ്പര്‍ക്കം വഴിയാണ് ഉണ്ടായത് എന്നത് ഏറെ ആശങ്ക ജനിപ്പിക്കുകയാണ്. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ മൂന്നുവാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ വാര്‍ഡുകളെയാണ് ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കുകയും ചെയ്യും.

Loading...

ജൂലൈ ഒന്‍പതിന് 0 മുതല്‍ 3 വരെ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ പത്തിന് 4 മുതല്‍ 6 വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡും, കോസ്റ്റല്‍ പോലീസും ഉറപ്പാക്കും.