കൊറോണ വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി

ചൈനയില്‍ ‘കൊറോണ വൈറസ്’ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

Loading...

അതേസമയം, ‘കൊറോണ’യെന്ന മാരക വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യപരിശോധന തുടങ്ങിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്.

‘കൊറോണ’ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് ‘കൊറോണ’ എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമുണ്ടാവുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ വന്‍ തിരിച്ചടിയായി.

ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് ‘കൊറോണ’ വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക.

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരാ യിരുന്നെന്നാണു കണ്ടെത്തല്‍. രോഗബാധിതനായ ഒരാളുടെ മരണം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി തായ്‍ലന്‍ഡില്‍ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

മ‍ൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

ജപ്പാനിലും തായ്‌ലണ്ടിലും വൈറസ് ബാധയേറ്റ് ആളുകള്‍ ചികിത്സയിലാണ്. വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് കരുതിയതിലും അപകടകാരിയാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം രണ്ടുപേര്‍ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.