ന്യൂഡല്‍ഹി. ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കാന്‍ എംഎല്‍എമാര്‍ക്കിടയില്‍ ധാരണ. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. രാത്രി എട്ടു മണിയോടെ ഷിംലയില്‍ ചേര്‍ന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു.
എംഎല്‍എമാര്‍ എത്താന്‍ വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരെയാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി അയച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഹിമാചലിന്റെ ചുമതലയുള്ള രാജീവ് ശുക്ലയും സ്ഥലത്തുണ്ട്. ഇവര്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് ഇവര്‍ അഭിപ്രായം തേടും.
അതേസമയം മുഖ്യമന്ത്രി ആരായിരിക്കണമെന്ന് എംഎല്‍എമാരുടെ പൊതുസമ്മതം തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഹൈക്കമാന്‍ഡ് അയച്ച നിരീക്ഷകര്‍ ഹിമാചലില്‍ എത്തി എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയാണ്. അതില്‍നിന്ന് പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കുന്ന പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി, സുഖ്വിന്ദര് സിങ് സുക്രു എന്നിവര്‍ നിയുക്ത എംഎല്‍എമാരുടെ യോഗത്തിന് അണികളുമായാണ് എത്തിയത്.