നിമിഷ ഫാത്തിമയുടെ മടങ്ങിവരവ്; ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തേടി

കൊച്ചി: ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്താനില ജയിലില്‍ അടക്കപ്പെട്ട കാസര്‍കോഡ് സ്വദേശിനി നിമിഷ ഫാത്തിമയുടെ മടങ്ങിവരവ് സംബന്ധിച്ച്‌ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തേടി. നിമിഷ ഫാത്തിമയും കുഞ്ഞും ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണ് ഉള്ളത്. നിമിഷയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു. ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ വിവാഹം ചെയ്തു. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കോടതി അത് അതംഗീകരിച്ചു. 2016ജൂണ്‍ 4ന് ശേഷം നിമിഷയുമായി വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല.

Loading...

ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ തിരികെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നത്.