കുഞ്ഞുമുഹമ്മദ് മരിച്ചത് കുഴിയില്‍ വീണല്ല, ഷുഗര്‍ മൂലമെന്ന് സര്‍ക്കാര്‍; മരിച്ചയാളെ അപമാനിക്കരുതെന്ന് ഹൈക്കോടതി

ആലുവ പെരുമ്പാവൂര്‍ റോഡില്‍ കുഴിയില്‍ വീണുണ്ടായ അപകടത്തെത്തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് എന്ന യാത്രികന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത് വിചിത്രവാദം. കുഞ്ഞുമുഹമ്മദിന് പ്രമേഹമുണ്ടായിരുന്നത് കൊണ്ടാണ് മരിച്ചതെന്നും അല്ലാത കുഴിയില്‍ വീണതല്ല മരണകാരണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്്. എന്നാല്‍ മരിച്ചയാളെ അപമാനിക്കരുതെന്നാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയ മറുപടി. പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് അടക്കം അതിരൂക്ഷമായ വിമര്‍ശനമാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്. ഈ ഘട്ടത്തിലാണ് ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞുമുഹമ്മദിന്റെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്.

ഓഗസ്റ്റ് 20-നാണ് സംഭവമുണ്ടായത്. അന്ന് കുഞ്ഞുമുഹമ്മദിന്റെ മകന്റെ മൊഴി, പോലീസ് ആശുപത്രിയില്‍ എത്തി എടുത്തിരുന്നതായി സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. കുഞ്ഞുമുഹമ്മദിന് പ്രമേഹരോഗം ഉണ്ടായിരുന്നതായും ഷുഗര്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് മകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

Loading...

അതേസമയം കുഞ്ഞുമുഹമ്മദിന്റെ കുടുംബം സര്‍ക്കാരിന്റെ നിലപാട് തള്ളി. റോഡിലെ കുഴിയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് വിശ്വസിക്കുന്നതായി കുഞ്ഞുമുഹമ്മദിന്റെ മകന്‍ മാധ്യമങ്ങളോട് പ്രതകരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ മരണകാരണം ഷുഗര്‍ അല്ല. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടറാണ് തങ്ങളോടു പറഞ്ഞത്. തലയുടെ ഇടതുമുന്‍ഭാഗം ഇടിച്ചാണ് വീണത്. മരിക്കുന്നിടംവരെ ഇടത് കണ്ണ് തുറക്കാന്‍ സാധിച്ചിരുന്നില്ല. തലയില്‍ ഏറ്റ ക്ഷതം കൊണ്ടാണ് മരിച്ചതെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മകന്‍ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.