ഹൈക്കോടതി നിയമനം റദ്ദാക്കി; രേഖാ രാജും എംജി സര്‍വകലാശാലയും സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പിന്നാലെ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫെസര്‍ നിയമനവും വിവാദത്തിലേക്ക്. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫെസര്‍ നിയമനം ഹൈക്കോടതി മുമ്പ് റദ്ദാക്കിയിരുന്നു. രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിമിക്കുവാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനമാണ് മുമ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ രേഖ രാജും മഹാത്മാ ഗാന്ധി സര്‍വകലാശാലയും സുപ്രീംകോടതിയെ സമീപിച്ചു. രേഖ രാജിന്റെ നിയമനം റദ്ദാക്കിയ നടപടി റദ്ദാക്കണമെന്ന് ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാട്ടി നിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഓണ അവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചത്.

Loading...

സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ നിഷയുടെ നിയമനം സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനത്തില്‍ ഇളവുകള്‍ അനുദിക്കുവാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു ഉദ്യോഗാര്‍ഥിക്ക് മാത്രം ഇത്തരത്തില്‍ ഇളവ് അനുവദിക്കുന്നത് തുല്യതയുടെ ലംഘനമാണെന്ന് കാട്ടിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് രേഖ രാജിന്റെ നിയമനം റദ്ദാക്കിയത്.

ഉദ്യോഗാര്‍ഥികളുടെ ഗവേഷണ പശ്ചാത്തലം കണക്കിലെടുത്താണ് സമിതി മാര്‍ക്ക് നല്‍കുന്നത്. വിദഗ്ദ്ധ സമിതി നല്‍കുന്ന ഈ മാര്‍ക്ക് ജുഡീഷ്യല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനെയും സര്‍വകലാശാല സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നു. സുപ്രീംകോടതി ഈ ഹര്‍ജിയില്‍ എടുക്കുന്ന തീരുമാനം കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തെയും സ്വാധീനിച്ചേക്കാം. ഈ സാഹചര്യത്തില്‍ സര്‍ക്കാരം അതീവ പ്രാധാന്യത്തോടെയാണ് ഇതിനെ കാണുന്നത്.