പൊതുജനങ്ങളോട് ‘എടാ, എടീ’ വിളി വേണ്ട: പോലീസിനു താക്കീതുമായി ഹൈക്കോടതി

പോലീസ് അതിക്രമങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതിൽ പൊതുജനങ്ങളോട് ‘എടാ, എടീ’ വിളി വേണ്ടെന്ന് പോലീസിനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം നിർദേശിച്ച് സർക്കുലർ പുറപ്പെടുവിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.

ചേർപ്പ് എസ്.ഐ. തന്നോടും മകളോടും മോശമായി പെരുമാറിയെന്നാരോപിച്ച് തൃശ്ശൂർ ചേർപ്പ് സ്വദേശിയും വ്യാപാരിയുമായ ജെ.എസ്. അനിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്ന് ഓർമിപ്പിച്ച കോടതി ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടണമെന്നും അഭിപ്രായപ്പെട്ടു. പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല. തെറ്റുചെയ്യുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനേ പോലീസിന് അധികാരമുള്ളൂവെന്നും കോടതി ഓർമിപ്പിച്ചു.

Loading...

കട നടത്തുന്ന ഹർജിക്കാരൻ കോവിഡ് മാനദണ്ഡം പലതവണ ലംഘിച്ചുവെന്നാണ് തൃശ്ശൂർ പോലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, ഇതിന്റെ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരന്റെ മകളോടും ചേർപ്പ് ഇൻസ്പെക്ടർ മോശം ഭാഷ ഉപയോഗിച്ചെന്ന് ഹർജിയിലുണ്ടായിരുന്നു.