ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, ഉടന്‍ പിടികൂടുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊച്ചിയില്‍ മുളന്തുരുത്തി സ്വദേശിനി ട്രെയിനില്‍വെച്ച് അക്രമത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.ഇക്കാര്യത്തില്‍ റെയില്‍വെയോടും പോലീസിനോടും വിശദീകരണം അറിയിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് ട്രെയിനില്‍വെച്ചുള്ള അതിക്രമങ്ങള്‍ തടയാന്‍, സംസ്ഥാന സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതിക്രമങ്ങള്‍ തടയാന്‍ റെഡ് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമായുള്ള നിര്‍ദേശം.

ഇതുവഴി അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനേയും വിവരം അറിയിക്കാനാകും. അതിക്രമം ഉണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണില്‍ കോള്‍ സെന്ററില്‍ വിളിച്ചറിയിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.പഴക്കം ചെന്ന കോച്ചുകള്‍ മാറ്റണം.അടുത്ത കോച്ചിലേക്ക് പോകാന്‍ സൗകര്യം ഇല്ലാത്ത കോച്ചുകളില്‍ അപകടം ഉണ്ടായാല്‍ ഗാര്‍ഡിന് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയില്ല. ഇത്തരം കോച്ചിലാണ് മുളന്തുരുത്തിയില്‍ അതിക്രമം ഉണ്ടായത്.

Loading...

അതിനാല്‍ ഒരു കോച്ചില്‍ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു.അതേ സമയം സുരക്ഷയുടെ ചുമതലയുള്ള റെയില്‍വേ ഉദ്യോഗസ്ഥനും സംസ്ഥാന പോലീസ് ഡിജിപി യും കൂടിയാലോചിച്ച് ശുപാര്‍ശകള്‍ തയ്യാറാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
ട്രെയിനിനകത്തെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.