കൂടത്തായി കൊലപാതക പരമ്പര; സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ മുഹമ്മദ് ബാബയുടെ വാദം അംഗീകരിച്ചാണ് നടപടി.

കേസന്വേഷണം പൂര്‍ത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താല്‍ കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇപ്പോള്‍ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്ന സീരിയല്‍ നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Loading...

കൂടത്തായി കൊലപാതക പരമ്പര വിഷയമാക്കി സ്വകാര്യ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചിട്ടുള്ള സീരിയല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇത് കേസിലെ സാക്ഷികളേയും പൊതു ജനങ്ങളേയും ആശയ ക്കുഴപ്പത്തിലാക്കുമെന്നും ഹരജിയില്‍ പറയുന്നു.
സാക്ഷികളെപ്പോലും കുറ്റവാളികളെ പ്പോലെയാണ് അവതരിപ്പിക്കുന്നത്. മുഖ്യ പ്രതി ജോളിയുടെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കള്‍ മാനസികസമ്മര്‍ദ്ദത്തിലാണെന്നും കച്ചവട താല്പര്യത്തിന് വേണ്ടി സിനിമ നിര്‍മ്മിക്കുമ്ബോള്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച്‌ സാക്ഷികളെ അവഹേളിക്കുകയും കുറ്റവാളികളാക്കുകയുംചെയ്യുന്നെന്നും കോടതിയെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നെന്നുമാണ് ആരോപണം.

നടി മുക്തമായണ് കൂടത്തായി എന്ന പേരിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കൂട്ടക്കൊലപാതകങ്ങളെ ആസ്പദമാക്കിയുളള പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

രണ്ട് കേസില്‍ മാത്രമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നില്‍ 250 ഉം രണ്ടാമത്തേതില്‍ 167 സാക്ഷികളുമാണ് ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ ചലച്ചിത്ര പരമ്പരകള്‍ സംപ്രേഷണം ചെയ്യുന്നത് കേസിനെ തകര്‍ക്കുമെന്നും കുറ്റവാളികളെ രക്ഷപ്പെടുത്തുമെന്നും ഹരജിയില്‍ പറയുന്നു. കോഴിക്കോട് കൂടത്തായിയില്‍ നടന്ന കൊലപാതക പരമ്പരയെ ആസ്പദമാക്കി സംവിധായകന്‍ ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്ബര ഒരുക്കുന്നത്.

കൂടത്തായി പ്രമേയമായി നിർമിക്കുന്ന സീരിയലുകളും സിനിമകളും നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജോളിയുടെ മക്കൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നിർമാണത്തിന് കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിർമിക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. മോഹൻ ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരിൽ സിനിമ നിർമിക്കുമെന്ന് ആന്റണി പെരുമ്പാവൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗിരീഷ് കോന്നി എന്നിവരടക്കം 8 പേർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇവർ 25ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

അതേ സമയം കൂടത്തായിയിലെ മൂന്നാം കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിലിയുടെ മകൾ ആൽഫൈന്റെ കൊല പാതകത്തിലാണ് കുറ്റപത്രം. ബ്രെഡിൽ സയനൈഡ് പുരട്ടിയാണ് ജോളി ആൽഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2014 മെയ് ഒന്നിനാണ് ഒന്നര വയസുകാരിയായ ആൽഫൈൻ കൊല്ലപ്പെടുന്നത്. ഷാജുവിനെ വിവാഹം കഴിക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായാണ് ആൽഫൈനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. പിന്നീട് ഷാജുവും ജോളിയുമായുള്ള വിവാഹം നടന്നു.