കെ എം ഷാജിക്ക് ആശ്വസിക്കാം; ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടൽ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കെ എം ഷാജിക്ക് താൽക്കാലിക ആശ്വാസം. ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടലിൽ ഹൈക്കോടതി ഇടപെടൽ. സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അതോടൊപ്പം തന്നെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളായിരുന്നു ഇഡി കണ്ടുകെട്ടിയത്.

കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യയുടെ പേരിൽ നിർമ്മിച്ചെന്ന് ഇഡി കണ്ടെത്തിയ വീടടക്കമുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്. അഴീക്കോട് എംഎൽഎയായിരിക്കെ 2016 ൽ കെ എം ഷാജി അഴീക്കോട് സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുൻ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്നാണ് കോഴ വാങ്ങിയതെന്നും ഈ അധ്യാപകന് പിന്നീട് സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തിൽ വ്യക്തമായി. ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ വീട് പണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.

Loading...