തിരുവനന്തപുരം: വെറും 150 മിനുട്ട് കൊണ്ട് കാസർകോഡ് നിന്നും തിരുവനന്തപുരത്ത് എത്തുന്ന അതിവേഗ റെയിലിന്‌ സർക്കാർ സമ്മതം. സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതി ഇനി നടപ്പാകാൻ സാധ്യത.പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും അതിവേഗ റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകി. പദ്ധതി ചെലവ് പരമാവധി കുറച്ച്, നിലവിലെ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് അടുത്ത മാസം 15ന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്ന ഡിഎംആർസി അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് കാസർക്കേട്ടേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്, 150 മിനിട്ടുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന റെയിൽ പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിരൂപയാകുമെന്നാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച കരട് റിപ്പോർട്ടിൽ ഡിഎംആർസി വ്യക്തമാക്കിയിരുന്നത്. ചെലവ് കുറയ്ക്കാൻ കഴിയുമോയെന്നാണ് ഡിഎംആർസി ഇപ്പോൾ പരിശോധിക്കുന്നത്. കരട് റിപ്പോർട്ട് അനുസരിച്ച് പാത 90 കിലോമീറ്റർ ഉപരിതലത്തിലും, 297 കിലോമീറ്റർ തൂണിന് മുകളിലും, 126 കിലോമീറ്റർ ഭൂമിക്കടിയിലുമാണ്.കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ചെയർമാൻ ടി.ബാലകൃഷ്ണൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. ഈയാഴ്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ കോർപ്പറേഷൻ അവതരിപ്പിക്കും.