ആനകളെ കാട്ടിൽ വിടേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി

കൊച്ചി : ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ നിന്ന് ആനകളെ സ്വതന്ത്രരാക്കി കാട്ടിലേക്ക് വിടാൻ നിയമമുണ്ടാക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തിരൂരിൽ വിരണ്ട ആനയെ വെടിവെച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി ഉത്തരവിനെതിരെ മുൻ എസ്.ഐ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആനയിടഞ്ഞ് പാപ്പാന്മാരടക്കമുള്ളവരെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് തടിപിടിക്കാൻ ആനകളെ ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ഈ പണി യന്ത്രങ്ങൾ ഏറ്റെടുത്തു. ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങൾക്കും പ്രദർശനങ്ങൾക്കുമാണ് ആനകളെ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതികൂലമായ സാഹചര്യത്തിൽ നാട്ടാനകളെ മണിക്കൂറുകളോളം ഇത്തരത്തിൽ ചെലവിടാൻ നിർബന്ധിക്കുന്നത് ക്രൂരതയാണ്. ആനകളുടെ ഈ ദുരിതത്തിൽ ആശങ്കയുണ്ട്.
ആനകളെ മെരുക്കാൻ ശാരീരികമായി പീഡിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ആനകൾക്കെതിരെ അരങ്ങേറുന്ന ക്രൂരതകൾ തടയാൻ നിലവിലുള്ള 2003 ലെ നാട്ടാന പരിപാലന ചട്ടത്തിൽ  (കേരള) മതിയായ ശിക്ഷാ വ്യവസ്ഥകളില്ല. വന്യജീവിയായ ആനകൾ നാട്ടിലെ അപരിചിത സാഹചര്യങ്ങളിൽ അപകടകാരിയാണെന്നതിൽ ആർക്കും തർക്കമില്ല. ഈ വസ്തുതകൾ കണക്കിലെടുത്താണ് ആനകളെ കാട്ടിൽ വിടാൻ നിയമമുണ്ടാക്കേണ്ട സമയം അതിക്രമിച്ചെന്ന് പറയുന്നതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.