പ്രവാസികളുടെ തിരിച്ചു വരവ്; കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഇല്ലാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണം. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളാണ് ആശങ്കയോടെയും ഭയത്തോടെയും വിദേശത്ത് കഴിഞ്ഞു കൂടുന്നത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അത്തരത്തിലൊരു നിര്‍ദേശം വെക്കാനാകില്ല എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. കെ.എം.സി.സി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നായിരുന്നു കെ.എം.സി.സി യുടെ ഹര്‍ജി.

Loading...

അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കില്‍ തന്നെ ഒരുക്കങ്ങളെ സംബന്ധിച്ചും കോടതി ആരാഞ്ഞു. നാട്ടിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. മറ്റു രാജ്യങ്ങള്‍ അവരുടെ രാജ്യക്കാരെ തിരികെ കൊണ്ടുപോകുന്നുണ്ട് എന്ന് ഹര്‍ജിക്കാരെ കോടതിയെ അറിയിച്ചു. അപ്പോള്‍ മറ്റു രാജ്യങ്ങളുടെ നയവുമ നിയമവും അല്ല നമ്മുടേത് എന്നായിരുന്നു കോടതി മറുപടി നല്‍കിയത്. കേരളമാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഇത്രയും ശക്തമായി ആവശ്യമുന്നയിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതേസമയം ഹര്‍ജി പരിഗണിക്കാന്‍ മെയ് രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്.