ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപി പിന്മാറി. ഗീതാ ഗോപി കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. കേസിൽ രാഹുലിന്റെ അപ്പീൽ ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിലാണ് വന്നത്. ഇവർ പിന്മാറിയതോടെ ഇനി പുതിയ ബെഞ്ചിന് മുന്നിലാകും അപ്പീൽ വരുന്നത്. പുതിയ ജഡ്ജിയെ നിയമിക്കാൻ 2 ദിവസത്തെ കാലതാമസമെടുക്കും.
കേസിൽ സൂറത്ത് കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യാനുള്ള അപേക്ഷ കീഴ് ക്കോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ ലോക്സഭാംഗത്വം വീണ്ടും പുനഃസ്ഥാപിക്കപ്പെടുകയുള്ളു. അപ്പീലിലെ വിചാരണ വൈകും എന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകിയത്.
‘മോഷ്ടാക്കള്‍ക്കെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന് പേരു വരുന്നത്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ ബിജെപി നേതാവ് പൂര്‍ണേശ് മോദിയാണ് കോടതിയെ സമീപിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു പരാമര്‍ശം. മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സൂറത്ത് കോടതി മാര്‍ച്ച് 23ന് രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷ വിധിക്കുകയായിരുന്നു.