മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് മുസ്ലീം സഹോദരങ്ങള്‍ പൂണൂല് അണിഞ്ഞു, കാരണം ഇതാണ്

മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് മുസ്ലീം സഹോദരങ്ങള്‍ പൂണൂല് അണിഞ്ഞു. പിതാവിന്റെ ബ്രാഹ്മണ സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായായിരുന്നു ഇത്. ബ്രാഹ്മണ വിധികള്‍ പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ക്കായി മുസ്ലീം യുവാക്കള്‍ പൂണൂല് അണിയുകയും, മറ്റ് ചടങ്ങുകള്‍ ചെയ്യുകയും ചെയ്തു. ഹിന്ദു വിധികള്‍ പ്രകാരമാണ് മുസ്ലീം സഹോദരങ്ങള്‍ പിതാവിന്റെ സുഹൃത്തിന്റെ ശേഷക്രിയകള്‍ ചെയ്തത്.

നന്മയുള്ള ഈ വാര്‍ത്ത ഗുജറാത്തില്‍ നിന്നുമാണ്. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബ്രാഹ്മണനായ ഭാനുശങ്കര്‍. അമേര്‍ലി ജില്ലയിലെ സവര്‍കുണ്ഡലയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മറ്റ് ബന്ധുക്കളോ സുഹൃത്തുക്കളോ ഭാനുശങ്കറിനുണ്ടായിരുന്നില്ല. നാല് പതിറ്റാണ്ടുകളായി ഭാനുശങ്കറും മുസ്ലീം കുടുംബവുമായി അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്.

Loading...

മുസ്ലീം ആചാരങ്ങള്‍ തെല്ലിടതെറ്റാതെ അനുഷ്ടിച്ച് വന്നിരുന്നവരാണ് അബു, നസീര്‍, സുബേര്‍ ഖുറേഷി എന്നിവര്‍. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഇവര്‍ ദിവസം അഞ്ച് നേരവും നിസ്‌കരിച്ചിരുന്നു. മാത്രമല്ല റംസാന്‍ വൃതം ഒരിക്കല്‍ പോലും മുടക്കിയിട്ടുമില്ല. ഇത്തരത്തില്‍ ഉള്ള മുസ്ലീം വിശ്വാസികളായ സഹോദരന്മാരാണ് ഹിന്ദു ആചാര പ്രകാരം അച്ഛന്റെ സുഹൃത്തിന്റെ മരണാനന്തര ക്രിയകള്‍ ചെയ്തത്. തതിനായി മുണ്ട് ഉടുക്കാനും പൂണൂല്‍ ധരിക്കാനും മുസ്ലീം സഹോദരങ്ങള്‍ മടികാണിച്ചില്ല.

ഭാനുശങ്കറിന്റെ അവസാന നിമിഷങ്ങളില്‍ ഒരു ഹിന്ദു കുടുംബത്തില്‍ നിന്നും ഗംഗാ ജലം വാങ്ങി അദ്ദേഹത്തിന് നല്‍കിയെന്ന് സുബേര്‍ പറഞ്ഞു. ബ്രാഹ്മണനായിരുന്ന അദ്ദേഹത്തിന്റെ മരണാനന്തര ക്രിയകള്‍ അതേ വിശ്വാസത്തിന്റെ രീതിയില്‍ ചെയ്യണമെന്ന് തീരുമാനിച്ചു. അദ്ദേഹത്തിന് ചെയ്ത് കൊടുക്കാന്‍ സാധിക്കുന്ന ഒന്ന് അത് മാത്രമായിരുന്നു. ബന്ധുക്കളായി ഭാനുശങ്കറിന് ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് തങ്ങള്‍ തന്നെ ഈ കര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും സുബേര്‍ വ്യക്തമാക്കി.

ഒരിക്കല്‍ ഭാനുശങ്കറിന്റെ കാല്‍ ഒടിഞ്ഞു. ഈ സമയം തങ്ങളുടെപിതാവ് ഭിക്കു ഖുറേഷി അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അതോടെ ഭാനുശങ്കര്‍ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി. തങ്ങളുടെ മക്കള്‍ അദ്ദേഹത്തെ ദാദ എന്നാണ് വിളിച്ചത്. അനുഗ്രഹത്തിനായി അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് തൊഴാനും കുട്ടികള്‍ ശ്രമിച്ചിരുന്നു. ഈദ് ആഘോഷങ്ങളിലും അദ്ദേഹം ഭാഗമാകുമായിരുന്നു. കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുവാന്‍ അദ്ദേഹം ഒരിക്കലും മറന്നിട്ടില്ല. -നസീര്‍ പറഞ്ഞു. ഒരുമിച്ചാണ് താമസമെങ്കിലും ഭാനുശങ്കറിനായി പ്രത്യേകം മാംസം ഉപയോഗിക്കാത്ത ഭക്ഷണമാണ് ഖുറേഷിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നത്.

Photo courtesy; times of india