യോഗി ആദിത്യനാഥിൻ്റെ വലം കൈ, ‘യോഗിയുടെ ഹനുമാൻ’ അജയ് ശ്രീവാസ്‍തവകൊവിഡ് ബാധിച്ച് മരിച്ചു

യോഗി ആദിത്യനാഥിൻ്റെ വലം കയ്യായിരുന്ന അജയ് ശ്രീവാസ്‍തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോർട്ട്. തബ്‌ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ കുപ്രസിദ്ധനായ അജ്ജുവിന് ജൂലായ് 19നാണ് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ‘യോഗിയുടെ ഹനുമാൻ’ എന്നറിയപ്പെട്ടിരുന്ന ഇയാൾ യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവര്‍ത്തകനായിരുന്നു. മുൻപ്, ഇദ്ദേഹത്തിൻ്റെ മാതാവും സഹോദരിയും കൊവിഡ് ബാധയേറ്റാണ് മരണപ്പെട്ടത്.

രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹം അസുഖം മാറാൻ പൂജകൾ നടത്തിയിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റു ചിലർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനു മുൻപ് ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് ബാധിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അജ്ജു പാരിതോഷികം പ്രഖ്യാപിച്ചത്.

Loading...

സമ്മേളനത്തിൽ പങ്കെടുത്തവരും റോഹിംഗ്യന്‍ അഭയാര്‍ഥികളും അടങ്ങുന്ന മുസ്ലിങ്ങള്‍ രാജ്യത്ത് കൊവിഡ് പടര്‍ത്താന്‍ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളെ പിടികൂടുന്നവർക്ക് ഹിന്ദു യുവ വാഹിനി 11,000 രൂപ നൽകുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.