ജീന്‍ എഡിറ്റിംഗ് നടത്തി എച്ച്‌ഐവി ബാധിക്കാത്ത ഇരട്ടകളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന്‍ തൂക്കുമരത്തിലേക്ക് !

ജീന്‍ എഡിറ്റിംഗിലൂടെ ജനിതകമാറ്റം വരുത്തി ഇരട്ട കുട്ടികളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂ ആണു വീട്ടു തടങ്കലിലായിരിക്കുന്നത്. ആയുധധാരികളായ സൈനികരുടെ കാവലും വീടിനു ചുറ്റുമുണ്ട്. ഇദ്ദേഹത്തെ കാത്തിരിക്കുന്നതു വധശിക്ഷയാണെന്ന ആശങ്ക സുഹൃത്തുക്കള്‍ തന്നെയാണു പങ്കുവച്ചതും. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണു രണ്ടു കുറ്റവും. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നു സുഹൃത്തുക്കള്‍ തന്നെ ആശ്വസിക്കുന്നു. പക്ഷേ ഹിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും.

ലോകം ഇന്നേവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ് ‘ക്രിസ്പര്‍ കാസ്– 9’ എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍ പ്രതിഷേധവുമായെത്തി. എച്ച്‌ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകള്‍ ജനിച്ചതായാണു ഹി അവകാശപ്പെട്ടത്. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തര്‍ക്കം തുടരുന്നതിനിടെയായിരുന്നു ഈ ചരിത്രനേട്ടം.

രോഗമുള്ള കോശങ്ങളില്‍ ജീന്‍ എഡിറ്റിംഗ് നടത്തുന്ന രീതി വൈദ്യശാസ്ത്രരംഗത്തുണ്ട്. എന്നാല്‍ ജനിതകമാറ്റങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതിനാല്‍ ഭ്രൂണത്തിലെ എഡിറ്റിംഗ് യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെ നിരോധിച്ചിരിക്കുകയാണ.് പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളൊന്നും ഈ ഗവേഷണ വിജയം പ്രസിദ്ധീകരിച്ചതുമില്ല.

പരീക്ഷണത്തിനു തിരഞ്ഞെടുത്ത 8 ദമ്പതികളില്‍ പുരുഷന്മാരെല്ലാം എച്ച്‌ഐവി ബാധിതരും സ്ത്രീകള്‍ രോഗബാധ ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3–5 ദിവസം പ്രായമായ ഭ്രൂണത്തില്‍നിന്ന് ഏതാനും കോശങ്ങള്‍ പുറത്തെടുത്താണ് ജീന്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് നടത്തിയ ഭ്രൂണം ഏഴു ദമ്പതികളില്‍ പരീക്ഷിച്ചു. ഇതില്‍ നിന്ന് ജനിതകമാറ്റം വരുത്തിയ ആദ്യ ഇരട്ടകള്‍ പിറക്കുകയായിരുന്നു. പരീക്ഷണത്തിനു മുന്‍പ് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിരുന്നെന്നും ഹി പറഞ്ഞു.

CRISPR/cas9 എന്ന നൂതന ജീന്‍ എഡിറ്റിംഗ് രീതി ഉപയോഗിച്ച് ഡിഎന്‍എയിലെ ജനിതക കോഡുകളില്‍ എഡിറ്റിങ് നടത്താം. ജനിതക കോഡുകള്‍ നീക്കം ചെയ്യുകയും പുതിയ കോഡുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാം. ഹി നടത്തിയ പരീക്ഷണത്തില്‍ എച്ച്‌ഐവി വൈറസിനെ അനുവദിക്കുന്ന CCR5 എന്ന ജീനിലാണ് മാറ്റം വരുത്തിയത്.

മൂന്നാമതൊരു വനിത കൂടി ഇത്തരത്തില്‍ ഗര്‍ഭിണിയായെന്നു പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യങ്ങളെത്തിയപ്പോള്‍ ‘അവരുടെ ഗര്‍ഭം അലസി’ എന്നായിരുന്നു ഹി മറുപടി നല്‍കിയത്. കുട്ടികളുടെ വിവരം എന്നാല്‍ അദ്ദേഹം പുറത്തുവിട്ടില്ല. എച്ച്‌ഐവി പ്രതിരോധ ശേഷിയുമായി ഇക്കഴിഞ്ഞ ഒക്ടോബളില്‍ ലുലു, നാന എന്നീ കുട്ടികളാണു ജനിച്ചതെന്നാണ് സര്‍ക്കാര്‍ നിഗമനം. ജനിതകമാറ്റം തലമുറകളും കടന്നു പോകുന്നതാണ്.

ജീന്‍ എഡിറ്റിംഗിന്റെയും അത് അടുത്ത തലമുറകളിലേക്കു പകരുമ്പോഴുമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്നേവരെ പഠനവിധേയമാക്കിയിട്ടില്ല. അതിനാല്‍ത്തന്നെചൈനയില്‍ ഹി പറഞ്ഞ കാലയളവില്‍ ജനിച്ച എല്ലാ നവജാതശിശുക്കളെയും അടുത്ത 18 വര്‍ഷത്തേക്കു നിരീക്ഷിക്കാനും അധികൃതര്‍ തീരുമാനിച്ചു കഴിഞ്ഞു. അതോടെ ഹോളിവുഡ് സിനിമകളുടെ കഥയെ വെല്ലുംവിധമാണ് യാഥാര്‍ഥ്യം ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്.

ഹിയുടെ ഗവേഷണങ്ങള്‍ക്കു വേദിയായ ഷെന്‍ചെന്‍ ഹാര്‍മണികെയര്‍ മെഡിക്കല്‍ ഹോള്‍ഡിംഗ്‌സിനോട് ജീന്‍ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്. ഷെന്‍ചെന്‍ സിറ്റി അധികൃതരും ഹെല്‍ത്ത് കമ്മിഷനും ശാസ്ത്ര–ആരോഗ്യ വകുപ്പുതലത്തിലും സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയത്. ഡിസംബര്‍ വരെ വീടുവിട്ടു പുറത്തുപോകാനാകില്ല.

അതിനിടെ ഇദ്ദേഹത്തിന് ഒട്ടേറെ വധഭീഷണികളും ലഭിച്ചു. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണു വീടിനു കാവല്‍ ഏര്‍പ്പെടുത്തിയത്. ലോകത്തില്‍ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നു ചൈനയാണ്. പലതും അതീവരഹസ്യമായിട്ടാണ്. അതിനാല്‍ത്തന്നെ ഹിയുടെ കാര്യത്തില്‍ പ്രതീക്ഷയ്ക്കു നേരിയ സാധ്യതയേ ഉള്ളൂവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിലെ ചൈനീസ് റിസര്‍ച്ചര്‍ വില്യം നീ പറയുന്നു. പലപ്പോഴും അഭിഭാഷകനെ നിയോഗിക്കാന്‍ പോലും അനുവദിക്കില്ല. തെറ്റു ചെയ്തില്ലെങ്കിലും ചെയ്‌തെന്നു മൊഴി നല്‍കിപ്പോകും വിധം അതികഠിനമായ പീഡനമുറകളുമുണ്ട്.

Top