ഹൈദരാബാദ്: യാത്ര തിരിക്കാൻ വൈകിയ യുവാവ് വിമാനം നഷ്ടമാകുമെന്ന് ഭയത്തിൽ ചെയ്തുകൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദ്- ചെന്നൈ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ മിലിട്ടറി എഞ്ചിനീയർ സർവീസിലെ ചീഫ് എഞ്ചിനീയറെ എയർപോർട്ട് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ചെന്നൈയിലേക്ക് പോവേണ്ടിയിരുന്ന യാത്രക്കാരനായ അജ്മീര ഭദ്രയ്യ ആണ് അറസ്റ്റിലായത്. ചെക്ക്- ഇൻ ചെയ്യാൻ വൈകിയതിനെ തുടർന്ന് വിമാനം പറന്നുയരുന്നത് തടയാനായിരുന്നു ഇയാളുടെ ശ്രമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളത്തിൽ വൈകിയെത്തിയ ഇയാളെ അകത്തേക്ക് കടത്തിവിടാതെ ജീവനക്കാർ തടഞ്ഞു.
ഇതോടെ, വിമാനത്താവളത്തിനകത്തു തന്നെയുള്ള മറ്റൊരിടത്തേക്ക് മാറി നിന്ന് ഇയാൾ ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് വിമാനത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. ഭീഷണിയെ തുടർന്ന് എയർപോർട്ടിൽ സുരക്ഷാ സൗകര്യം ശക്തമാക്കി. എന്നാൽ ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് വിമാനത്തിലെ യാത്രക്കാരനായ അജ്മീര ഭദ്രയ്യയിലായിരുന്നു. ഇതോടെ യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി.
തുടർന്നുള്ള ചോദ്യംചെയ്യലിലാണ് വിമാനം നഷ്ടമാകാതിരിക്കാനായി ചെയ്തതാണെന്ന് യുവാവ് പറഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.