കുര്‍ബാന ഏകീകരണത്തിലെ പ്രശ്നങ്ങള്‍ മാര്‍പാപ്പയെ അറിയിക്കും; മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തി

കുര്‍ബാന ഏകീകരണത്തിലെ പ്രശ്നങ്ങള്‍ മാര്‍പാപ്പയെ അറിയിക്കുന്നതിനായി എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലിത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി യോഗം നാളെ ചേരും. തുടര്‍ പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്.

ഈ മാസം 28 മുതല്‍ സീറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും പുതുക്കിയ കുര്‍ബാന രീതി നടപ്പാക്കണമെന്നാണ് സിനഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ വൈദികര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആന്റണി കരിയില്‍ മാര്‍പാപ്പയെ കാണുന്നത്. ജനാഭിമുഖ കുര്‍ബാന തുടരണമെന്ന ആവശ്യം മാര്‍പാപ്പയ്ക്കുമുന്‍പാകെ അപേക്ഷയായി സമര്‍പ്പിച്ചേക്കും.

Loading...

ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം വൈദികര്‍ നേരത്തെ മാര്‍പ്പാപ്പക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. ഇതിന് പിന്നാലെ സഭയിലെ ഒരു വിഭാഗം വൈദീകരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. അതേസമയം എതിര്‍പ്പുകളെ അവഗണിച്ച് പുതുക്കിയ കുര്‍ബാന രീതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.