അഞ്ജു ഷാജി കോപ്പിയടിച്ചെന്ന് ഹോളിക്രോസ് കോളജ്: കോപ്പി എഴുതിയത് ഹാൾ പേപ്പറിന്റെ മറുവശത്ത് മുഴുവനെന്നും വിശദീകരണം

കോട്ടയം: പാല ചേർപ്പുങ്കലിൽ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനി ആത്മഹത്യ സംഭവത്തിൽ വിശദീകരണവുമായി ഹോളിക്രോസ് കോളജ് അധികൃതർ രം​ഗത്ത്. അഞ്ജു ഷാജിയുടെ ഹാൾ ടിക്കറ്റ് എന്നവകാശപ്പെടുന്ന ചില രേഖകൾ കോളജ് അധികൃതർ സമർപ്പിച്ചു. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങളും അവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥിനി ഹാൾ പേപ്പറിന്റെ മറുവശം മുഴുവൻ കോപ്പി എഴുതിയിരുന്നു എന്നാണ് കോളജ് അധികൃതർ ഇപ്പോൾ നൽകുന്ന വിശദീകരണം.

ബികോമിൻ്റെ പ്രൈവറ്റ് എക്സാം നടന്നത് ശനിയഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ്. വേറെ കോളജിൽ പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു. എക്സാം സെൻ്റർ ഹോളി ക്രോസ് ആയിരുന്നു. ഒന്നേമുക്കാൽ ആയപ്പോൾ എക്സാം ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകൻ എല്ലാവരുടെയും ഹാൾ ടിക്കറ്റ് വെരിഫൈ ചെയ്തു. അഞ്ജുവിൻ്റെ ഹാൾ ടിക്കറ്റ് വെരിഫൈ ചെയ്തപ്പോൾ അതിൻ്റെ മറുവശം മുഴുവൻ കോപ്പി എഴുതിയിരിക്കുന്നതായി കണ്ടെത്തി. ഈ സമയത്ത് പ്രിൻസിപ്പാൾ അവിടെ എത്തി. ഈ പരീക്ഷ എഴുതാനാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Loading...

2.30 ആകുമ്പോൾ തന്നെ വന്ന് കാണണം എന്ന് കുട്ടിയോട് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടി വൈദികനെ കാണാതെ ഇറങ്ങി പോയി. പിറ്റേന്നാണ് കുട്ടിയെ കാണാനിലെന്ന് കോളജിൽ അറിയുന്നത്. പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിയാതെ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. അതേമയം വിവരം പൊലീസ് അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും കോളെജ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.