കോഴിക്കോട്. വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം നല്കാന് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തി. കേരള സര്‍ക്കാരിന്റെ വക്കീല്‍ കോടതിയില്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്ത് ജനങ്ങളുടെ മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുമെന്ന് പറയുന്നു.
ഈ രണ്ടു നിലപാടുകള്‍ തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്രസേനയെ അയയ്ക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്ന് വി മുരളീധരന് പറഞ്ഞു. കേന്ദ്രസേന വരണമെങ്കില്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. ഇതിനുശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമ്മതം അറിയിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് ഇതോടെ സര്‍ക്കാര്‍ സ്വയം സമ്മതിച്ചു. സര്‍ക്കാരിന് ഇച്ഛാശക്തി നഷ്ടപ്പെട്ടു.
സര്‍ക്കാര്‍ സ്വയം ഒഴിഞ്ഞു പോകുകയാണ് വേണ്ടത്. വിഴിഞ്ഞത്ത് കലാപം നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ മാളത്തില്‍ ഒളിച്ചു. ബാഹ്യശക്തികള്‍ വിഴിഞ്ഞത്ത് ഇടപെട്ടില്ല എന്ന് മന്ത്രി ആന്റണി രാജു പറയുമ്പോള്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് പറയുന്നു. ഇക്കാര്യത്തില്‍ എന്താണ് യഥാര്‍ഥ നിലപാടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും കെ.വി.ബിജുവുമൊക്കെ തീവ്രവാദിയാണോ എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.