ഓട്ടിസമുള്ള കുട്ടിയുമായി പട്ടികവര്‍ഗ കുടുംബത്തിന് ഭൂമി ലഭിച്ചത് കക്കൂസ് ടാങ്കിനുമുകളില്‍

കേരളം നമ്പര്‍ വണ്‍ എന്നും നവോഥാന കേരളം എന്നൊക്കെ പറയുമ്പോള്‍ ഇതാ ഓട്ടിസം ഉള്ള കുട്ടിയുമായി ഒരു കുടുംബം കക്കൂസ്സ് ടാങ്കിനു മുകളില്‍ കഴിയുന്ന ദയനീയ രംഗങ്ങള്‍. ഓട്ടിസം ബാധിതര്‍ക്കായി വലിയ ഫണ്ടുകള്‍ ചിലവഴിച്ച് അവര്‍ക്ക് മുന്‍ ഗണന എല്ലാ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് കടലാസില്‍ എന്നും വ്യക്തമാകുന്നു പത്തനംതിട്ടയില്‍ സെപ്റ്റിക് ടാങ്കിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മറച്ചുകെട്ടിയ ഷെഡില്‍ ഓട്ടിസമുള്ള കുട്ടിയുമായി ഒരു കുടുംബം പ്രതി ദിനം തള്ളി നീക്കുകയാണ് കുടിലെന്നോ കൂരയെന്നോപോലും വിളിക്കാനാവില്ലാത്ത വിധം വളരെ ദയനീയമായ അവസ്ഥ കിടപ്പും പാചകവും പ്രാഥമികകാര്യങ്ങളുമെല്ലാം ഇതിനുള്ളിലാണ് വീടിന് അപേക്ഷിച്ചപ്പോള്‍ പട്ടികവര്‍ഗക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഒരു പടുതയും നാല് വള്ളിക്കയറും നല്‍കി, ഷെഡ് കെട്ടിക്കിടക്കാന്‍. അങ്ങനെ കെട്ടിയ നിലം പൊത്താറായ ഈ ‘വീട്ടില്‍’ കണ്ണീരോടെ കഴിയുകയാണ് നാലംഗകുടുംബം.

ഓട്ടിസം ബാധിച്ച ഒന്‍പതുകാരനെയുംകൊണ്ട് പോകാന്‍ ഈ പട്ടികവര്‍ഗ കുടുംബത്തിന് വേറെ ഇടമില്ല. പാലയ്ക്കല്‍ വീട്ടില്‍ രാജുവിന്റെയും സുധയുടെയും മകന്‍ ഓട്ടിസം ബാധിച്ച അതുല്‍രാജിന് നടക്കാനും കഴിയില്ല . ഇവിടെ ഷെഡ് കെട്ടിയിട്ട് ഒന്‍പത് വര്‍ഷമായി. ഇരുപതടിയോളം താഴ്ചയില്‍നിന്ന് കുത്തനെയുള്ള മണ്‍പടവ് കയറി വേണം ഇതിലെത്താന്‍. രണ്ട് തെങ്ങിലും കവുങ്ങിലും ഏതാനും മരക്കുറ്റികളിലും നിര്‍ത്തിയിരിക്കുന്ന ഷെഡ് ഏത് നിമിഷവും തകര്‍ന്നുവീഴാം. മഴപെയ്താല്‍ മുഴുവനും ചോരും.രാജുവിനും സുധയ്ക്കും വയ്യാതായതോടെ, മൂത്തമകന്‍ രാഹുല്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്.വീടിനായി ഈ കുടുംബം ജില്ലാ കളക്ടര്‍, പഞ്ചായത്ത് അധികൃതര്‍, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, എസ്.ടി.ഓഫീസര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയതാണ്. മൂന്നുവര്‍ഷം മുമ്പ് ഇവരുടെ ദുരവസ്ഥ അറിഞ്ഞ് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന്, ഇവര്‍ക്ക് വീടുവെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങി. വീടിനടുത്തുള്ള രണ്ട് സ്ഥലം ഇവര്‍ കാണുകയും ചെയ്തു. എന്നാല്‍ ഭൂമിയുടെ വില, അനുവദിച്ച തുകയേക്കാള്‍ കൂടുതലായതിനാല്‍ വാങ്ങാനായില്ല. പിന്നീടാണ് പട്ടികവര്‍ഗക്ഷേമ വകുപ്പില്‍നിന്നും ഉദ്യോഗസ്ഥരെത്തി ഒരു പടുതയും നാല് വള്ളിക്കയറും നല്‍കിയത്.

Loading...

രാജുവിന് ചിന്നക്കനാലിലും അട്ടത്തോട്ടിലും ഒരോ ഏക്കര്‍ വീതം ഭൂമിയുണ്ടെന്ന് ആരോ പരാതി നല്‍കിയിരുന്നു. ഇതുകൊണ്ടാണ്, ഈ കുടുംബത്തിന് ഭൂമി നിഷേധിച്ചത്. രാജുവിന്റെ അമ്മയുടെ പേരില്‍ കോട്ടയം മുണ്ടക്കയത്ത് 20 സെന്റ് സ്ഥലമുണ്ടെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, പരിശോധനയില്‍ മൂന്നിടത്തും രാജുവിന് ഭൂമിയില്ലെന്ന് കണ്ടെത്തിയിരുന്നു
പാവങ്ങള്‍ക്ക് വീടും മറ്റുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ നല്‍കാമെന്ന് വലിയ വര്‍ത്തമാനം പാറഞ്ഞു ഭരണത്തില്‍ കേറിയവരൊക്കെ ഇത്തരം കുടുംബങ്ങള്‍ക്ക് മുമ്പില്‍ കൈമലര്‍ത്തി കാണിക്കുകയാണ് സംസ്ഥാനത്ത് ഇത്തരം ദുരന്തങ്ങള്‍ അനുഭവിക്കുന്നവര്‍ ഒരുപാട് പേര്‍ ഉണ്ടെങ്കിലും ചിലരുടെ വേദനകള്‍ മാത്രമേ വാര്‍ത്തകളിലൂടെ നമ്മള്‍ അറിയുന്നുള്ളു എന്നത് വസ്തുതയാണ്.