തന്റെ അനുയായികളുടെ വോട്ട് ബിജെപിക്കെന്ന് ഗുര്‍മീത് ഉറപ്പു നല്‍കിയിരുന്നു ; പകരം ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് അമിത്ഷായും വാക്ക് നല്‍കി ; വെളിപ്പെടുത്തലുമായി ഹണിപ്രീത്‌

ഹരിയാന : ബലാത്സംഗ കേസില്‍ ഗുര്‍മീതിനെ രക്ഷപെടുത്തുന്നതിന് ബിജെപി ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ മകള്‍. ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സഹായം വാഗ്ദാനം ചെയ്തതെന്നാണ് ഗുര്‍മീതിന്റെ മകള്‍ ഹണി പ്രീത് വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി നേതാവ് അനില്‍ ജെയിനിനെ ആയിരുന്നു ഗുര്‍മീത് ആദ്യം കണ്ടത്.

അനില്‍ ജയിന്‍ വഴി അമിത് ഷായെ കണ്ട് തന്റെ അനുയായികളുടെ വോട്ട് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ സമയത്തായിരുന്നു കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയതെന്ന ഹണിപ്രീതിന്റെ വെളിപ്പെടുത്തലുകള്‍ സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 28 അസ്സംബ്ലി സീറ്റുകളിലും ഗുര്‍മീത് അനുയായികളുടെ വോട്ട് ബിജെപിക്കാണെന്ന് ഉറപ്പുനല്‍കി.

തെരഞ്ഞെടുപ്പിനു മുമ്പ് അമിത് ഷാ സിര്‍സയില്‍ എത്തി ഗുര്‍മീത് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ സിര്‍സയിലെത്തി ഗുര്‍മീതുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടിക്കാഴ്ചകള്‍ക്കുശേഷമാണ് ദേര സഛാ സൗദ പിന്തുണ ബിജെപിക്കാണെന്ന പ്രഖ്യാപനം ഗുര്‍മീത് റാം റഹിം നടത്തിയത്.