ഹണിട്രാപ്പ് സംഘം വീണ്ടും സജീവം, കാസര്‍ഗോഡ് വ്യവസായിയില്‍ നിന്നും പണം തട്ടി

കാസര്‍ഗോഡ്: ഹണിട്രാപ്പ് സംഘം വീണ്ടും കേരളത്തില്‍ സജീവമാകുന്നു. ഇക്കുറി കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവും യുവതിയും അറസ്റ്റിലായി. കാസര്‍ഗോഡ് ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 29കാരിയായ സാജിദ വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി 22കാരന്‍ അബു താഹിര്‍ എന്നിവരാണ് പിടിയിലായത്. ടൗണ്‍ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാഞ്ഞാങ്ങാടുള്ള വ്യാപാരിയും വിദ്യാനഗര്‍ സ്വദേശിയുമായ യുവാവിനെ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് വ്യാപാരിയെ സാജിത പരിചയപ്പെടുന്നത്. വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിലൂടെയാണ് സാജിത വ്യാപാരിയെ സമീപിക്കുന്നത്. ഇടപാടിനെ കുറിച്ച് സംസാരിക്കാനായി സാജിത വ്യവസായിയെ വാട്ടിലെക്ക് വിളിച്ചു. തുടര്‍നന്ന് വ്യാപാരി ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ യുവതിയും ഒപ്പമുണ്ടായിരുന്ന അബു താഹിറും കൂടെ രണ്ട് പേരും ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു.

Loading...

ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വ്യാപാരിയുടെ കൈയിലുണ്ടായിരുന്ന 24,000 രൂപ സംഘം തട്ടി യെടുത്തു.. പിന്നീട് എ ടി എം കാര്‍ഡ് വാങ്ങി പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷം 24,000 രൂപ കൂടി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പോലീസില്‍ പരാതിയുമായി സമീപിച്ചത്.

കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അബു താഹിറിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചു. മറ്റു മൂന്നു പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപാരിയാണ് ആദ്യം മിസ്ഡ് കോളിലൂടെ തന്നെ പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം മൊഴിനല്‍കിയത്. വിവാഹം കഴിക്കാമെന്നും പര്‍ദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞു തന്നെ വഞ്ചിച്ചതായും യുവതി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നേരത്തേ തയാറാക്കിവച്ചിരുന്ന തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നേരത്തേ വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബു താഹിറിനും മറ്റു കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്നു സമ്പന്നരായ വ്യക്തികളെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം നേരത്തെ മധ്യപ്രദേശിലും ഇത്തരം സംഘത്തെ പിടികൂടിയിരുന്നു. ഹണിട്രാപ്പ് സംഘം പിടിയിലായതോടെ ചോദ്യം ചെയ്യലില്‍ പുറത്തറിഞ്ഞ വിവരങ്ങള്‍ കേട്ട് പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്. മധ്യപ്രദേശില്‍ പിടിയിലായ സംഘത്തില്‍ നിന്നും നാലായിരത്തോളം പ്രമുഖരുടെ വീഡിയോ ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉള്‍പ്പെടെയുള്ളവരുടെ വീഡിയോയാണ് കണ്ടെത്തിയത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. നാലായിരത്തോളം ഫയലുകളാണ് കേസില്‍ അറസ്റ്റിലായവരുടെ ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍നിന്നുമായി ലഭിച്ചിരിക്കുന്നത്.