ഹണിട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും 40 ലക്ഷം തട്ടാന്‍ 24കാരിയുടെ ശ്രമം, കുടുങ്ങിയത് യുവതി തന്നെ

യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച യുവതിയെ യുവാവ് കുടുക്കി. ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി 40 ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതി ഒടുവില്‍ പോലീസ് പിടിയിലായി. 24കാരിയായ ശിവാനി സിംഗാണ് അറസ്റ്റിലായത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയാണ് ഇവര്‍ ജീവിച്ചിരുന്നത്. ഈ വീടിന് അടുത്തായിരുന്നു യുവാവിന്റെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ശിവാനി യുവാവുമായി പരിചയത്തിലാവുകയും അടുത്ത സൗഹൃദം പുലര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ശിവാനി പലപ്പോഴും യുവാവിനെ വീട്ടിലേക്ക് വിളിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

യുവാവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും യുവതി കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 40 ലക്ഷമാണ് ശിവാനി യുവാവിനോട് ആവശ്യപ്പെട്ടത്. തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്ന് യുവാവ് പറഞ്ഞപ്പോള്‍ തത്കാലം പത്ത് ലക്ഷം രൂപ നല്‍കാനും പിന്നീട് ബാക്കി മുപ്പത് ലക്ഷം നല്‍കിയാല്‍ മതിയെന്നും യുവതി പറഞ്ഞു.

Loading...

സംഭവത്തെ തുടര്‍ന്ന് യുവാവ് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയെ കൈയ്യോടെ പിടികൂടാനായി പോലീസ് പദ്ധതിയിട്ടു. ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് യുവാവ് ശിവാനിയെ വിളിച്ചു. തുടര്‍ന്ന് സെക്ടര്‍ 17ല്‍ കൂടിക്കാഴ്ചയും നിശ്ചയിച്ചു. ഇതേ സമയം പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് യുവാവ് എത്തി ഒരു ലക്ഷം രൂപ ശിവാനിക്ക് കൈമാറി. ഇതോടെ പോലീസ് യുവതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കാനായി ഈ സംഭവങ്ങളുടെ എല്ലാം വീഡിയോ പോലീസും യുവാവും ചേര്‍ന്ന് എടുക്കുകയും ചെയ്തിരുന്നു.

പിടിയിലായ ശിവാനി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. രണ്ട് മാസം മുമ്പ് താന്‍ യുവാവുമായി അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മാത്രമല്ല യുവാവിനെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ശിവാനി സമ്മതിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ശിവാനി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗുരുഗ്രാമിലാണ് താമസിക്കുന്നത്.