കൈക്കൂലി നല്‍കുവാന്‍ താമസിച്ചു ; പത്തുമാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു

ബഹ്റാച്ച്: യു.പിയിലെ ബഹ്റാച്ച് ജില്ലയിൽ പത്തുമാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു. കൈക്കൂലി ആവശ്യപ്പെട്ട ആശുപത്രി അധികൃതർ കുട്ടിക്ക് സമയത്തിന് ഇൻജക്ഷൻ നൽകാതിരുന്നതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എന്നാൽ ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. തലസ്ഥാനത്ത് നിന്ന് വളരെ അകലെയുള്ള ബഹ്റാച്ചിൽ നിന്നാണ് സുമിതയും ശിവദത്തും മകൻ കൃഷ്‌ണയെ അവിടുത്തെ ഏറ്റവും വലിയ ആശുപത്രിയിൽ എത്തിച്ചത്. കടുത്ത പനിയും ക്ഷീണവുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയെ ആശുപത്രിയിൽ കിടത്താൻ ഡോക്‌ടർ അനുമതി നൽകിയെങ്കിലും അത് രേഖപ്പെടുത്താൻ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് വാർഡിലെത്തിയപ്പോൾ കുട്ടിക്ക് കിടക്ക നൽകണമെങ്കിൽ തനിക്കും കൈക്കൂലി നൽകണമെന്ന് ആശുപത്രിയിലെ തൂപ്പുകാരി ആവശ്യപ്പെട്ടെന്നും ശിവദത്ത് ആരോപിക്കുന്നു.

അടുത്ത ദിവസം ഒരു കമ്പൗണ്ടർ എത്തി കുഞ്ഞിന് നൽകേണ്ട വളരെ പ്രധാനപ്പെട്ട ഇൻജക്ഷനും കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്നു. എന്നാൽ തന്റെ കൈയിൽ ആവശ്യത്തിന് പണമില്ലെന്നും സമയം തരണമന്നും സുമിത അയാളോട് ആവശ്യപ്പെട്ടു. വാക്കുതർക്കങ്ങൾക്ക് ഒടുവിൽ ഇൻജക്ഷൻ നൽകിയെങ്കിലും സമയം താമസിച്ചതിനാൽ തന്റെ മകൻ മരിക്കുകയായിരുന്നു എന്നാണ് സുമിത പറയുന്നത്. ഡോക്‌ടർമാർ ഒഴികെ മറ്റ് ജീവനക്കാർ എല്ലാം കൈക്കൂലി ആവശ്യപ്പെടുകയാണെന്നും അവർ പറയുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്.