കൊവിഡ് പരിശോധിക്കാൻ പറഞ്ഞു; ആശുപത്രി ആക്രമിച്ച യുവാക്കൾ പിടിയിൽ

തൊടുപുഴ: കൊവിഡ് പരിശോധിക്കാൻ പറഞ്ഞത് ഇഷ്ടമാകാത്തതിനാൽ ആശുപത്രി ആക്രമിച്ച യുവാക്കൾ പിടിയിലായി. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. കൊവിഡ് പരിശോധിക്കാൻ പറഞ്ഞത് ഇൽ്ടമാകാത്ത യുവാക്കൾ നഴ്സുമാരെയും ആരോ​ഗ്യ പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു. കല്ലൂർക്കാട് താണിക്കുന്നേൽ ജോബിൻ(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖിൽ(21), തൈമറ്റം വലിയപാറയിൽ വിനിൽകുമാർ(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പനി ബാധിച്ച സുഹൃത്തിനെയും കൂട്ടിയാണ് മൂവരും ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ നിന്ന് കൊവിഡ് പരിശോധനക്ക് നിർദേശിച്ചു. കൊവിഡ് പരിശോധിക്കാൻ ആവശ്യപ്പെട്ടത് ഇവർക്ക് ഇഷ്ടമായില്ല. തുടർന്ന് സുഹൃത്തുമായി ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരിച്ച് അൽ അസ്ഹർ ആശുപത്രിയിലെത്തിയ മൂവർ സംഘം കമ്പി വടി ഉപയോഗിച്ച് നഴ്‌സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മർദ്ദിച്ചെന്ന് പരാതിയിൽ വ്യക്തമാക്കി. രണ്ട് നഴ്‌സുമാർക്കും മൂന്ന് സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. ആശുപത്രിയിലും ഇവർ നാശനഷ്ടമുണ്ടാക്കി.സംഭവ ശേഷം ഇവർ ഒളിവിൽ പോയി. ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുള്ളരിങ്ങാട് നിന്ന് പ്രതികളെ പിടികൂടിയത്. എസ്‌ഐ ഷാഹുൽ ഹമീദ്, എഎസ്‌ഐ ഷംസുദ്ദീൻ, സിപിഒ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Loading...