തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഇല്ലായ്മകളുടെ നടുവില്‍. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയാണിപ്പോള്‍. അടിയന്തര ചികില്‍സ വൈകി രോഗികള്‍ പലരും മരണത്തെ മുഖാമുഖം കാണുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ ദുരവസ്ഥയ്ക്ക് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവുമാണ്. കാലാനുസൃതമായി സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. കാലപ്പഴക്കം ചെന്ന് സ്ഥിരം പണിമുടക്കുന്ന വെന്റിലേറ്റര്‍ അടക്കമുള്ള യന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍ യാതന ഇരട്ടിക്കുകയാണ് രോഗികള്‍ക്ക്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ സിടി സ്‌കാനറിന് ഒമ്പതു വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഓടിത്തളര്‍ന്ന യന്ത്രം പണിമുടക്കിലാണ് മിക്ക ദിവസങ്ങളിലും. ഇനി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഒന്നോ രണ്ടോ സ്‌കാനിങ്ങില്‍ നിലച്ചുപോകും. ഡിജിറ്റല്‍ എക്‌സ്‌റേയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഒരു ദിവസം കുറഞ്ഞത് 150 പേരാണ് അടിയന്തര ചികില്‍സ ലഭിക്കാനായി സിടി സ്‌കാന്‍ എടുക്കാന്‍ എത്തുന്നത്. ഇതില്‍ പകുതി പേര്‍ക്കുപോലും സ്‌കാന്‍ ചെയ്യാനിവിടെ കഴിയില്ലെന്നു വ്യക്തം. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടിയാണ് പല അത്യാഹിത വിഭാഗങ്ങളുടേയും പ്രവര്‍ത്തനം.

കോടികള്‍ ചെലവഴിച്ച് പണിതിട്ടും പണിതിട്ടും പൂര്‍ത്തിയാകാത്ത തിരുവനന്തപുരത്തെ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് തന്നെ അധികൃതരുടെ പിടിപ്പുകേടിന് ഉദാഹരണം. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളില്‍ നല്ലൊരു ശതമാനത്തിനും തീവ്രപരിചരണം ആവശ്യമായി വരും. പക്ഷേ അത്യാഹിത വിഭാഗങ്ങളിലെ ഐസിയുകളില്‍ ഉള്ളത് നാലോ അഞ്ചോ കിടക്കകള്‍ മാത്രം. ഇതില്‍ തന്നെ ഒന്നോ രണ്ടോ വെന്റിലേറ്ററുകള്‍ മാത്രമാകും ഉണ്ടാകുക. ഇതും അടിയന്തര ചികില്‍സക്ക് തടസമാണ്.

ശസ്ത്രക്രിയ തിയറ്ററുകളുടെ എണ്ണത്തിലെ കുറവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവാണു മറ്റൊരു പ്രശ്‌നം. സര്‍ക്കാര്‍ കണക്കനുസരിച്ച് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ കുറവ് 486 നഴ്‌സുമാരുടേത് 877ഉം. മെഡിക്കല്‍ പിജി വിദ്യാര്‍ഥികളെ 24 മണിക്കൂര്‍ ഡ്യൂട്ടിക്കിട്ടാണ് പ്രശ്‌ന പരിഹാരം കാണുന്നത്.