അമ്മ കാന്റീന് ബദലായി ഉളൈപ്പാളി ഹോട്ടല്‍, ന്യായവില ഹോട്ടലുമായി രജനി ആരാധകന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള അമ്മ ഹോട്ടലിന് തമിഴ്‌നാട്ടില്‍ വന്‍ ജനപ്രീതിയാണ് ഉള്ളത്. എന്നാല്‍ ഇപ്പോളിതാ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പേരിലും ഹോട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴക രാഷ്ട്രീയത്തില്‍ ഭാവി പരീക്ഷിക്കാനിറങ്ങുന്ന രജനീകാന്തിന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന ഹോട്ടലിലും ഭക്ഷണത്തിന് പണം കുറവ് എന്നാണ് വിവരം. സൂപ്പര്‍സ്റ്റാറിന്റെ 69-ാം ജന്മദിനത്തില്‍ താരത്തിന് സമര്‍പ്പിച്ച് ന്യായവില ഹോട്ടലാരംഭിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്.

രജനി ആരാധകനായ കെ വീരബാബു എന്നയാളാണ് ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. രജനിയുടെ സിനിമകളില്‍നിന്ന് പ്രചോദനം കൊണ്ട് ‘പ്രയത്‌നശാലി’ എന്ന് അര്‍ഥം വരുന്ന ‘ഉഴൈപ്പാളി’ എന്നാണ് ഹോട്ടലിന് പേരിട്ടിരിക്കുന്നത്. ചെന്നൈ മണപ്പാക്കം എം.ജി. റോഡിലാണ് വെജിറ്റേറിയന്‍ ഹോട്ടല്‍ ആരംഭിച്ചത്.

Loading...

ന്യായവില മാത്രമല്ല, നൂറുശതമാനം പോഷകഗുണമുള്ള ഭക്ഷണമാകും ഹോട്ടലില്‍ ലഭ്യമാക്കുകയെന്ന് കടയുടമ വീരബാബു പറഞ്ഞു. പത്ത് രൂപ മുതല്‍ ഭക്ഷണം ലഭിക്കും. കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് ശ്രമം. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണെന്നും ഡോക്ടര്‍ കൂടിയായ വീരബാബു പറയുന്നു. രജനീകാന്തിന്റെ കടുത്ത ആരാധകനായ വീരബാബു താരത്തിന്റെ ചിത്രങ്ങളും പ്രചോദനാത്മകമായ വരികളും ഹോട്ടലിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 20 പേരാണ് ഹോട്ടലില്‍ ജീവനക്കാരായിട്ടുള്ളത്. രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങുന്ന താരത്തിന് ജനപിന്തുണയേറാന്‍ പുതിയ സംരംഭം ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം തമിഴ് രാഷ്ട്രീയം എക്കാലവും അദ്ഭുതങ്ങള്‍ നിറഞ്ഞതാണെന്നും ഭാവിയിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. വെള്ളിത്തിരയിലെ അദ്ഭുതങ്ങള്‍ രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുമോ എന്ന ചര്‍ച്ചകള്‍ക്കു ചൂടു പകരുന്നതായി പരസ്യപ്രസ്താവന. കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന്റെ 60ാം വാര്‍ഷികാഘോഷവേദിയിലെ രജനിയുടെ വാക്കുകള്‍ രാഷ്ട്രീയ പ്രവേശത്തിന്റെ മുന്നോടിയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകര്‍.

5 വര്‍ഷം മുന്‍പു താന്‍ മുഖ്യമന്ത്രിയാകുമെന്ന് എടപ്പാടി പളനിസാമി സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പക്ഷേ അദ്ഭുതം സംഭവിച്ചു. എടപ്പാടിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സര്‍ക്കാര്‍ 5 മാസം തികയ്ക്കില്ലെന്നാണ് രാഷ്ട്രീയ പണ്ഡിതര്‍ പോലും അഭിപ്രായപ്പെട്ടത്. അപ്പോഴും അദ്ഭുതം സംഭവിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ എന്നും അദ്ഭുതങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഭാവിയിലും തമിഴ് രാഷ്ട്രീയ്ത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും.–രജനീകാന്ത് പറഞ്ഞു.

ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും തമിഴകത്ത് ചൂടുള്ള ചര്‍ച്ചയായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു രജനീകാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റിനും സെപ്റ്റബറിനും ഇടയില്‍ രജനി രാഷട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം പേര് മാറ്റി രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണു പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 6 മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഭരണഘടനയും, നിയമാവലിയും ഉണ്ടാക്കുമെന്നാണു പുറത്തുവരുന്ന വിവരം.