ജനകീയ ഹോട്ടൽ വന്നതോടെ കച്ചവടം കുറഞ്ഞു; ഹോട്ടലിൽ വെള്ളമെടുക്കുന്ന കിണർ മലിനമാക്കിയ സമീപത്തെ ഹോട്ടലുടമ പിടിയിൽ

വെണ്ണിയോട്: ജനകീയ ഹോട്ടൽ വന്നതോടെ സ്വന്തം ഹോട്ടലിലെ കച്ചവടം കുറഞ്ഞതിനെത്തുടർന്ന് സമീപത്തെ ഹോട്ടലുടമയുടെ പ്രതികാര നടപടി. ജനകീയ ഹോട്ടലിലേക്ക് വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോ​ഗ ശൂന്യമാക്കിയാണ് ഹോട്ടലുടമ പ്രതികാരം തീർത്തത്. വയനാട് വെണ്ണിയോടാണ് സംഭവം നടന്നത്. ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കുകയായിരുന്നു പ്രതി. പ്രതിയെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജനകീയ ഹോട്ടലിനോട് ചേർന്ന് ഹോട്ടൽ നടത്തിയിരുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് ബാണപ്രവൻ മമ്മൂട്ടി എന്ന അൻപത്തിയെട്ടുകാരനാണ് പിടിയിലായത്. ഇന്നലെ രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുത്തപ്പോൾ മുതലാണ് കുടിവെള്ളം പതയുന്നതായും സോപ്പുപൊടിയുടെ രൂക്ഷമായ മണം അനുഭവപ്പെടുകയും ചെയ്തത്.

വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലർത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവർത്തകർക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണത്തിലാണ് കിണറിൽ സോപ്പുപൊടി കലക്കി ഒഴിച്ചയാളെ കണ്ടെത്തിയത്. സമീപത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും, പഞ്ചായത്ത് ജീവനക്കാർക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നൽകി വരുന്നത് ജനകീയ ഹോട്ടലായിരുന്നു. വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കീടനാശിനിയോ മറ്റ് വിഷവസ്തുക്കളോ കണ്ടെത്തിയാൽ ഇയാൾക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. 1095 ഓളം ഹോട്ടലുകളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കുടുംബ ശ്രീയുമായി സഹകരിച്ചാണ് വിശപ്പുരഹിത കേരളം ലക്ഷ്യമിട്ടുള്ള ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ്. നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

Loading...