വിലക്കയറ്റം താങ്ങാനാവുന്നില്ല; അടച്ചിടേണ്ടി വരുമെന്ന് ഹോട്ടലുടമകള്‍

കൊച്ചി: വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടലുടമകളുടെ മുന്നറിയിപ്പ്. വിലക്കയറ്റം കാരണം ഹോട്ടലുകള്‍ നടത്താനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.

സവാള ഉള്‍പ്പെടെ പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹോട്ടലുടമകളുടെ പ്രതികരണം. സവാള വില 100 രൂപ കടന്ന് മുന്നേറുകയാണ്. സവാളയ്ക്ക് പുറമേ മറ്റു പച്ചക്കറികളുടെ വിലയും കൈ പൊളളിക്കുകയാണ്.

Loading...

ക്യാരറ്റ്, മുരിങ്ങക്കായ തുടങ്ങിയ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെയാണ് ഉയര്‍ന്നത്. ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300 രൂപയാണ് വില. 70 രൂപയാണ് ക്യാരറ്റിന്റെ വില. ബീന്‍സ്, അച്ചിങ്ങ, പാവയ്ക്ക എന്നിവയുടെ വിലയും 50 രൂപയ്ക്ക് മുകളിലാണ്. പച്ചക്കറികളുടെ ക്രമാതീതമായ വിലവര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഹോട്ടലുടമകള്‍ പരാതിപ്പെട്ടത്.

സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. കടയില്‍ പോയാല്‍ പച്ചക്കറി ചോദിച്ചു വാങ്ങണം. ഓരോന്നിനും വില കേട്ടാല്‍ സാധാരണക്കാര്‍ക്ക് താങ്ങില്ല. ഇതോടെ പൂഴ്ത്തി വ്യാപകമെന്ന് പരാതി ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന ആരംഭിച്ചു.

പാലക്കാട് ജില്ലയിലാണ് പച്ചക്കറി പൂഴ്ത്തി വെയ്പ്പ് തടയുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തിയത്. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളാണ് പ്രധാന മാര്‍ക്കറ്റുകളിലും, കടകളിലുമായി പരിശോധന നടത്തുന്നത്.

സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിത അളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. എല്ലാ പച്ചക്കറിക്കടകളിലും വില വിവര പട്ടിക നിര്‍ബന്ധമാക്കാനാണ് തീരുമാനം. കൂടാതെ കൃത്രിമ വിലകയറ്റത്തിന് കാരണമാകുന്ന കച്ചവടത്തിനെതിരെ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സവാള വില കുതിച്ചുയരുമ്പോള്‍ വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടല്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് 60 രൂപ മുതല്‍ 62 രൂപയ്ക്കു വരെ സവാള ലഭ്യമാക്കാനാണ് നീക്കം. ഇതിനായി 160 ടണ്‍ സവാള ഉടനടി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.നാഫെഡ് വഴിയാണ് സര്‍ക്കാര്‍ സവാള എത്തിക്കുന്നത്.

ആദ്യ ലോഡ് ഈ മാസം 10 ന് എത്തിക്കും. ഓരോ ആഴ്ചയിലും 40 ടണ്‍ വീതം സവാള എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. സവാള വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
ഇന്ന് വിപണിയില്‍ 149 വരെയാണ് ഉളളിവില ഉയര്‍ന്നിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ 160 രൂപ വരെയെത്തിയിട്ടുണ്ട്. ചെറിയ ഉളളിക്ക് 173 രൂപയാണ് വില. ഭക്ഷ്യസാധനങ്ങളിലെ ഒഴിവാകകാന്‍ പറ്റാത്ത ഒന്നാണ് സവാള എന്നതിനാല്‍ പൊളളുന്ന വില സാധാരണക്കാരെയും സമ്പന്നരെയും ഒരുപോലെ ബാധിക്കും.

പല രാജ്യങ്ങളിലും ഉള്ളി വില 160 വരെ എത്തിയിട്ടുണ്ട്. കേരളത്തില്‍ ഇനിയും വില ഉയരാം. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 173 രൂപയാണ് വില. പല പച്ചക്കറി കടകളിലും ഉള്ളി ഇല്ല. ചെറിയതും കേടായതുമൊക്കെ ഉള്ളിയാണ് പലയിടങ്ങളിലും ഉള്ളത്. പല കടകളിലും ഉള്ളി വട പോലുള്ള പലഹാരങ്ങളും മറ്റും നിര്‍ത്തലാക്കിയിട്ടുണ്ട്.

ബെംഗളൂരുവില്‍ ഓണിയന്‍ ദോശ ഉണ്ടാക്കുന്നതും നിര്‍ത്തലാക്കി. മൂന്ന് ദിവസം മുന്‍പ് തന്നെ കൊല്‍ക്കത്ത നഗരത്തില്‍ ഉള്ളിക്ക് 150 രൂപയായിരുന്നു നിരക്ക്. മഹാരാഷ്ട്രയില്‍ ചെലയിടത്തും നേരത്തെ തന്നെ ഉയര്‍ന്ന വിലയായിരുന്നു.