ഇടുക്കിയിൽ വറുത്ത മീൻ കഴിച്ച വീട്ടമ്മ ​ഗുരുതരാവസ്ഥയിൽ; നഖങ്ങളിൽ നീല നിറം

ഇടുക്കി: പൊരിച്ച മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ.തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീൻ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച മീൻ കഴിച്ചതിന് പിന്നാലെ പരവേശവും തലയിൽ പെരിപ്പും ഉണ്ടായി. നടക്കാൻ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയിൽ പിടിച്ച്‌ നിരങ്ങി അയൽവീട്ടിലെത്തി കാര്യം പറയുകയായിരുന്നു. ഉടനെ തന്നെ, ഇവർ പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്താൻ വൈകിയതോടെ വിഷബാധയേറ്റതു പോലെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിക്കുകയും ചെയ്തു.

പുഷ്പവല്ലി ഇപ്പോൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി ഇവരിൽ നിന്നു വിവരങ്ങൾ തേടി.കഴിഞ്ഞ ദിവസം, വാഹനത്തിൽ കൊണ്ടുവന്ന കേര മീൻ പുഷ്പവല്ലി വാങ്ങിയിരുന്നു. അയൽവാസികളും ഇതേ മീൻ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉപയോഗിക്കാതെ കളഞ്ഞു.അതേസമയം, ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ പച്ചമീൻ മത്സ്യാവശിഷ്ടം കഴിച്ച്‌ പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദനയും അനുഭവപ്പെട്ട ചികിത്സ തേടിയെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.

Loading...